ജിജോ ജോര്ജ്> മലപ്പുറം ഐഎസ്എല്ലിലേക്ക് പ്രവേശനം കൊതിക്കുന്ന ഗോകുലം കേരള എഫ്സി ഞായറാഴ്ച തുടര്ജയം തേടി കളത്തിലിറങ്ങും. മണിപ്പൂരിലെ ഇംഫാലില്നിന്നുള്ള ട്രാവു എഫ്സിയാണ് എതിരാളികള്. വൈകിട്ട് 4.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് അങ്കം. ഇത്തവണ ഐ ലീഗില് ജേതാക്കളാകുന്ന ടീമിന് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. നിലവിലെ ഐ ലീഗ് ജേതാക്കളായ ഗോകുലം കിരീടം നിലനിര്ത്താനുള്ള കഠിന ശ്രമത്തിലാണ്.
കഴിഞ്ഞ മത്സരത്തില് ഗോവ ചര്ച്ചില് ബ്രദേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ ഗോകുലംതികഞ്ഞ ആത്മവിശ്വാസത്തിലാണ്.പുതിയ പരിശീലകന് സ്പെയിന്കാരന് ഫ്രാന്സെസ് ബോണറ്റിന് കീഴില് നേടിയ വിജയം ഗോകുലത്തിന്റെ ആത്മവിസ്വാസം വര്ധിപ്പിക്കുന്നു. പുതുതായി ടീമിലെത്തിയ സ്പാനിഷ് താരങ്ങളായ ജൂലിയന് ഒമര് റാമോസി സുവാരസിലും സെര്ജിയോ മെന്ഡിഗട്ട്സി ഇഗ്ലേഷ്യസിലുമാണ് ടീമിന്റെ പുതുപ്രതീക്ഷകള്. ചര്ച്ചില് ബ്രദേഴ്സിനെതിരായ കളിയില് സെര്ജിയോ മെന്ഡിയാണ് വിജയഗോള് നേടിയത്.
പത്ത് കളിയില്നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും രണ്ട് തോല്വിയുമായി 18 പോയിന്റാണ് ഗോകുലത്തിനുള്ളത്. പത്ത് കളിയില്നിന്ന് അഞ്ച് ജയവും ഒരു സമനിലയും നാലു തോല്വിയുമായി 16 പോയിന്റുണ്ട് ട്രാവു എഫ്സിക്ക്. 22 പോയിന്റുമായി ഹൈദരാബാദ് ശ്രീനിധി എഫ്സി ഒന്നാമതും 20 പോയിന്റുമായി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി രണ്ടാമതുമാണ്. ഗോകുലത്തിന്റെ അടുത്ത ഹോം മാച്ച് 20ന് വൈകിട്ട് 4.30ന് കോഴിക്കോട് കോര്പറേഷന് ഇ എം എസ് സ്റ്റേഡിയത്തിലാണ്. റിയല് കാശ്മീര് എഫ്സിയാണ് എതിരാളികള്.