ശബരിമല > മകരവിളക്കുത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ തീർഥാടകരെത്താനുള്ള സാധ്യത മുന്നിൽകണ്ട് പരമാവധി സൗകര്യങ്ങൾ ദേവസ്വവും വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ തീർഥാടകർക്കും മൂന്നുനേരം അന്നദാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അന്നദാനത്തിനെത്തുന്ന കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ക്യൂ നടപ്പാക്കും. മകരവിളക്ക് കാണാനുള്ള വ്യൂ പോയിന്റുകളിലെല്ലാം ആവശ്യമായ സൗകര്യങ്ങളൊരുക്കി. വ്യൂ പോയിന്റുകളിൽ ചുക്കുവെള്ളവും ലഘുഭക്ഷണവും നൽകും. ആവശ്യമായ വെളിച്ചമെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അരവണയും അപ്പവും ആവശ്യത്തിന് നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും നിർമാണം പ്ലാന്റിൽ പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ 2.40 ലക്ഷം കണ്ടെയ്നർ അരവണ ഉൽപ്പാദിപ്പിക്കാൻ കഴിയും. ഇതുവർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നടവരുമാനം 310.40 കോടിരൂപ
മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് 310.40 കോടി രൂപ നടവരവ് ലഭിച്ചെന്ന് ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. ആകെ ലഭിച്ച 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയുമാണ്. അരവണ വിൽപ്പനയിൽനിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയും ലഭിച്ചു.