ശബരിമല> മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലെ ആകെ വരുമാനം 310.40 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. മകരവിളക്കുത്സവത്തിനു മുന്നോടിയായി സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെയുള്ള 310,40,97309 രൂപയിൽ 231,55,32006 രൂപ മണ്ഡലകാലത്തെയും 78,85,65303 രൂപ മകരവിളക്ക് കാലത്തെയും വരുമാനമാണ്. അരവണ വിൽപ്പനയിൽനിന്ന് മണ്ഡലകാലത്ത് 107,85,15970 രൂപയും മകരവിളക്ക് കാലത്ത് 32,93,74900 രൂപയുമാണ് ദേവസ്വത്തിന് ലഭിച്ചത്.
മകരവിളക്കുത്സവത്തോടനുബന്ധിച്ച് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര 14ന് വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തും. ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണങ്ങൾ അണിയിച്ചുകൊണ്ടുള്ള ദീപാരാധന വൈകിട്ട് 6.30 നാണ്. തുടർന്ന് മകരവിളക്കും രാത്രി 8.45ന് മകരസംക്രമ പൂജയും നടക്കും.
മകരവിളക്കിന് കൂടുതൽ തീർഥാടകർ എത്തുന്നത് മുന്നിൽകണ്ട് പരമാവധി സൗകര്യങ്ങൾ ദേവസ്വവും സർക്കാരിന്റെ വിവിധ വകുപ്പുകളും ഒരുക്കിയിട്ടുണ്ട്. സംതൃപ്തികരവും സമാധാനകരവും സുഗമവുമായ തീർഥാടനം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.