തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്ക്കെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രക്ഷോഭത്തിന് 20ന് തുടക്കമാകും. ലോക്കൽ കേന്ദ്രങ്ങളിലെ പ്രതിഷേധ ധർണകൾ 31 വരെ തുടരും. കേന്ദ്ര സർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങളും വിശദീകരിച്ചുള്ള വീടുകയറി പ്രചാരണം തുടരുകയാണ്. പാർടിയുടെ എല്ലാ തലത്തിലുമുള്ള നേതാക്കളും ഇതിൽ പങ്കാളികളാകുന്നുണ്ട്.
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന, ക്ഷേമ പ്രവർത്തനങ്ങൾ മുടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ തുറന്നുകാട്ടിയാണ് പ്രചാരണം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നടത്തുന്ന നീക്കങ്ങൾക്കൊപ്പമാണ് സാമ്പത്തികമായും തകർക്കാനുള്ള നടപടികൾ. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് അധികാരം കൈപ്പിടിയിലൊതുക്കാനും ജനങ്ങളിൽ വേർതിരിവ് സൃഷ്ടിക്കാനും ശ്രമമുണ്ട്. സംസ്ഥാനത്തിന് നൽകാനുള്ള കുടിശ്ശികയോ അർഹമായ വിഹിതമോ ജിഎസ്ടി ആനുകൂല്യമോ നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല.
60 ലക്ഷത്തോളം ജനങ്ങൾക്ക് ആശ്വാസമായ ക്ഷേമ പെൻഷൻ വിതരണം മുടക്കാനും അരിവിഹിതം വെട്ടിക്കുറയ്ക്കാനും ശ്രമിക്കുന്നു. കിഫ്ബിയുടെയും ട്രഷറി നിക്ഷേപത്തിന്റെയും പേരുപറഞ്ഞ് കടമെടുപ്പുപരിധിയും വെട്ടിക്കുറച്ചു. റബർ ബോർഡോ സബ്സിഡിയോ കർഷകർക്കുള്ള ആനുകൂല്യങ്ങളോ വേണ്ടെന്നു പറയുന്ന കർഷകവിരുദ്ധ നിലപാടും സ്വീകരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ജനങ്ങളെയാകെ അണിനിരത്തുകയാണ് സിപിഐ എം ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയാണ് 20ന് ആരംഭിക്കുന്ന പ്രക്ഷോഭം.