പന്തളം
ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ സംഘം ശനി വൈകിട്ട് ശബരിമലയിലെത്തും. കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം ആദ്യദിവസം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനംവകുപ്പ് സത്രത്തില് വിശ്രമിക്കും. മൂന്നാംദിവസം ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികൃതര് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. മകരവിളക്ക് ദിവസം തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തിയാണ് ദീപാരാധന നടത്തുന്നത്. ഈ സമയം മകരജ്യോതി തെളിയും. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള, മരുതമനയിൽ ശിവൻപിള്ള, കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ എന്നിവരാണ് പെട്ടികൾ ശിരസ്സിലേറ്റി യാത്ര പുറപ്പെട്ടത്.
പന്തളം കൊട്ടാരം കുടുംബാംഗം കൈപ്പുഴ മാളിക കൊട്ടാരത്തിൽ രുക്മിണി തമ്പുരാട്ടിയുടെ നിര്യാണത്തെത്തുടർന്ന് ചടങ്ങുകള് നടത്തിയില്ല. കൊട്ടാരത്തിലെ മുതിർന്ന പ്രതിനിധിയെയും രാജപ്രതിനിധിയെയും കൊട്ടാരത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മരണം. ഉടൻ ക്ഷേത്രം അടച്ച് ദർശനത്തിന് വച്ച ആഭരണങ്ങൾ പെട്ടിയിലാക്കി ദേവസ്വം ഓഫീസിലേക്ക് മാറ്റി. ശബരിമലയിൽ രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ചടങ്ങുകളും ഇത്തവണ ഉണ്ടാകില്ല.
കേന്ദ്രമന്ത്രി വി മുരളീധരന്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, മുൻ പ്രസിഡന്റ് എ പത്മകുമാർ, കലക്ടർ ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പന്തളം നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, ഏരിയ സെക്രട്ടറി ആർ ജ്യോതികുമാർ എന്നിവർ ചടങ്ങിൽ പങ്കെ ടുത്തു.