കൊൽക്കത്ത > ശ്രീലങ്കയുമായുള്ള രണ്ടാംഏകദിനത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. ഇതോടെ മൂന്നുമത്സര പരമ്പര നേടുകയും ചെയ്തു. ഗുവാഹത്തിയിലെ റൺപോരിനുശേഷം കൊൽക്കത്തയിലെത്തിയ ഇരു ടീമുകൾക്കും ബാറ്റിൽ പിടിത്തംകിട്ടിയില്ല. വലിയ സ്കോർ പ്രതീക്ഷിച്ച് ആദ്യം ബാറ്റ് ചെയ്ത ലങ്ക 39.4 ഓവറിൽ 215ന് കൂടാരംകയറി. അനായാസജയം മനസ്സിൽക്കണ്ട് മറുപടിക്കെത്തിയ ഇന്ത്യ പകച്ചു. 43.2 ഓവറിലാണ് ജയം നേടിയത്. ആറ് വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
103 പന്തിൽ 64 റണ്ണുമായി പുറത്താകാതെനിന്ന ലോകേഷ് രാഹുലാണ് ജയമൊരുക്കിയത്. സ്പിന്നർ കുൽദീപായിരുന്നു ലങ്കയുടെ അടിത്തറ ഇളക്കിയത്. യുശ്വേന്ദ്ര ചഹാലിനുപകരം ടീമിലെത്തിയ കുൽദീപ് ലങ്കൻ മുൻനിരയെ തകർത്തുകളഞ്ഞു. 16 ഓവറിൽ 1–-106 എന്നനിലയിൽ കരുത്തോടെ നിന്ന ലങ്ക പിന്നെ 6–-126 റണ്ണിലേക്ക് കൂപ്പുകുത്തി. വാലറ്റക്കാരാണ് 200 കടത്തിയത്. 34 റണ്ണെടുത്ത കുശാൽ മെൻഡിസിനെ വിക്കറ്റിനുമുന്നിൽ കുരുക്കിയാണ് കുൽദീപ് തുടങ്ങിയത്. ചരിത് അസലങ്ക (15), ആദ്യകളിയിലെ സെഞ്ചുറിക്കാരൻ ക്യാപ്റ്റൻ ദസുൺ ഷനക (2) എന്നിവരെയും മടക്കി. റണ്ണെടുക്കുംമുമ്പ് ധനഞ്ജയ ഡി സിൽവയെ അക്സർ പട്ടേൽ ബൗൾഡാക്കുകയും ചെയ്തു.