കോഴിക്കോട് > ഒരുമയെ തകർക്കാനുള്ള നീക്കങ്ങൾ ചെറുക്കാൻ എഴുത്തുകാരും വായനക്കാരും ഉൾപ്പെടെ പുസ്തകങ്ങളെ സ്നേഹിക്കുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട് ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ കൂടുതലായി ഒറ്റപ്പെടുന്ന കാലത്ത് പുസ്തകങ്ങളുടെ പേരിലുള്ള കൂട്ടായ്മ നൽകുന്ന സന്തോഷം വലുതാണ്. വായനയിലൂടെ പരിപക്വമായ മനസ്സിന് മാത്രമേ നല്ലതും ചീത്തയും തിരിച്ചറിയാനാകൂ. പുസ്തകങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ ജീവിതത്തിലുടനീളം നല്ലൊരു സുഹൃത്തിനെ കണ്ടെത്തുകയാണ്. ആ വെളിച്ചമാണ് ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കുന്നത്. അതിനെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ജാതി, -മത സ്പർധകൾ വളർത്താനുള്ള കുത്സിത നീക്കമുണ്ടാകുന്നു. സ്നേഹത്തോടെയും സമാധാനത്തോടെയുമുള്ള നാടിന്റെ മുന്നോട്ടുപോക്കിനെ അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനെ പ്രതിരോധിക്കാനാവണം.
പുരോഗമന ചിന്തകൾക്ക് ഉണർവേകാൻ സാഹിത്യോത്സവങ്ങൾ ഉപകരിക്കുന്നു. സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ സാധ്യത വളർത്തുന്നതിൽ കെഎൽഎഫ് മുഖ്യ പങ്കുവഹിച്ചു. വായന മരിക്കില്ലെന്നതിന്റെ തെളിവാണ് സാഹിത്യോത്സവത്തിന് ലഭിക്കുന്ന ജനപങ്കാളിത്തം. സാങ്കേതിക വിദ്യ പുസ്തക പ്രസാധനത്തെയും വായനരീതികളെയും പുതിയ രീതിയിൽ വളർത്തുകയാണ്. ലോകത്ത് പുസ്തക വായന ഇല്ലാതായാലും കേരളത്തിൽ വായന നിലനിൽക്കും –- മുഖ്യമന്ത്രി പറഞ്ഞു.
മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, നൊബേൽ ജേതാവ് അദാ യോനാഥ്, ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീ, എഴുത്തുകാരായ സുധ മൂർത്തി, എം മുകുന്ദൻ, കെ ആർ മീര, ഷഹാൻ കരുണതിലക, പോപ്പ് ഗായിക ഉഷ ഉതുപ്പ്, മുൻ ചീഫ് ഇലക്ഷൻ കമീഷണർ നവീൻ ചൗള എന്നിവർ സംസാരിച്ചു. ഫെസ്റ്റിവെൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി സ്വാഗതം പറഞ്ഞു.