വരന്തരപ്പിള്ളി > ഇസ്രായേലിലേക്ക് സന്ദർശക വിസയും തുടർന്ന് അവിടെ ജോലിയും വാഗ്ദാനം നൽകി പത്രപരസ്യം നൽകി ആളുകളിൽനിന്നും പണം തട്ടിയ യുവാവിനെ വരന്തരപ്പിള്ളി സിഐ എസ് ജയകൃഷ്ണൻ, എസ്ഐമാരായ എ വി ലാലു, രഘു, സീനിയർ സിപിഒ ഷാജു തോമസ് എന്നിവർ ചേർന്ന് അടൂരിൽനിന്നും പിടികൂടി. അടൂരിൽ നേച്ചർ ഓഫ് പാരഡൈസ് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തുന്ന പത്തനംതിട്ട ജില്ല, അടൂർ, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജിൽ അമ്പനാട്ടു വീട്ടിൽ അലക്സാണ്ടർ മുതലാളിയുടെ മകൻ സൈമൺ (42) ആണ് പിടിയിലായത്.
വരന്തരപ്പിള്ളിയിൽ അഞ്ചുപേരിൽനിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ വരന്തരപ്പിള്ളി പൊലീസ് പിടികൂടിയിട്ടുള്ളത്. ഇസ്രായേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമൺ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ് ജയകൃഷ്ണൻ പറഞ്ഞു. പത്രപരസ്യത്തിലൂടെ സംസ്ഥാന വ്യാപകമായി ഇയാൾ കോടികൾ തട്ടിയെടുത്തിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും സിഐ പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി.