തിരുവനന്തപുരം
രാജ്യത്ത് ഇലക്ട്രോണിക്സ് വ്യവസായത്തിനു തുടക്കംകുറിച്ച, കേരളത്തിന്റെ അഭിമാന സ്ഥാപനമായ കെൽട്രോൺ സുവർണ ജൂബിലി നിറവിൽ. ആഗസ്ത് 30ന് ആണ് കെൽട്രോണിന് 50 വയസ്സ് പൂർത്തിയാകുന്നത്. എട്ടുമാസത്തെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് 19ന് അയ്യൻകാളി ഹാളിൽ തുടക്കമാകും.
1973 ആഗസ്ത് മുപ്പതിനാണ് തിരുവനന്തപുരം വിജെടി ഹാളിൽ (അയ്യൻകാളി ഹാളിൽ) കേരള സ്റ്റേറ്റ് ഇലക്ട്രോണിക് ഡെവലപ്മെന്റ കോർപറേഷൻ എന്ന കെൽട്രോണിന്റെ ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചത്. കേരളത്തിന്റെ വ്യാവസായിക മേഖലയിലെ വികസനത്തിനും സാമൂഹ്യ ഉന്നമനത്തിനും കെൽട്രോൺ വലിയ പങ്കുവഹിച്ചു.
കേരളത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സുവർണ ജൂബിലി വർഷത്തിൽ നടപ്പാക്കുന്നത്. വ്യവസായ വകുപ്പിനു കീഴിൽ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. പുതിയ ഉൽപ്പന്നങ്ങൾ, സ്റ്റാർട്ടപ് സംരംഭങ്ങൾ, ഇലക്ട്രോണിക്സ് ഗവേഷണ വികസന പദ്ധതികൾ തുടങ്ങിയവ നടപ്പാക്കും.
സുവർണ ജൂബിലി സിഗ്നേച്ചർ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവും പങ്കെടുത്തു.