തിരുവനന്തപുരം > കെപിസിസി പ്രസിഡന്റ് മാറില്ലെന്ന് ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിക്കപ്പെട്ടതോടെ മറ്റുഭാരവാഹികളെ തീരുമാനിക്കാനും പുനഃസംഘടനയ്ക്കും ഭാരവാഹിയോഗത്തിൽ ധാരണ. വ്യാഴാഴ്ച ചേരുന്ന എക്സിക്യൂട്ടീവ് യോഗം ഷെഡ്യൂൾ പ്രഖ്യാപിച്ചേക്കും. കെപിസിസി ഭാരവാഹികൾ, ഡിസിസി മുതൽ താഴേയ്ക്കുള്ള പുനഃസംഘടന എന്നിവ അടിയന്തരമായി നടത്തിയില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്ന് ഭാരവാഹിയോഗത്തിൽ കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന് താഴേത്തട്ടിൽവരെ പുനഃസംഘടന വേണം. ഒരു ഗ്രൂപ്പിനെയും മാറ്റിനിർത്തരുതെന്ന കർശന നിലപാടിലാണ് നേതാക്കൾ.
കെ സുധാകരനും വി ഡി സതീശനും ചേർന്ന് ഇഷ്ടമുള്ള നേതാക്കളെയും ഡിസിസി പ്രസിഡന്റുമാരെയും വാഴിക്കാൻ ശ്രമിക്കുന്നത് മറുവിഭാഗം ചെറുക്കുന്നുണ്ട്. അഞ്ച്വർഷം സ്ഥാനത്തിരുന്ന ഡിസിസി പ്രസിഡന്റുമാരെയും ബ്ലോക്ക്, മണ്ഡലം തലങ്ങളിൽ എല്ലാവരെയും മാറ്റാനാണ് ധാരണ. എന്നാൽ, ജില്ലാ സമിതികൾ രൂപീകരിക്കുമ്പോൾ ഗ്രൂപ്പ് സമവാക്യം കൃത്യമായി പാലിക്കണമെന്നും സുധാകരനും സതീശനും ചേർന്ന് അഞ്ചംഗ സമിതി രൂപീകരിച്ചാൽ അംഗീകരിക്കില്ലെന്നും ഗ്രൂപ്പ് മാനേജർമാർ വ്യക്തമാക്കി.