തൃശൂർ> തൃശ്ശൂര് പൂരത്തിന് പാറമേക്കാവ് വിഭാഗം മേളപ്രമാണിയായി കിഴക്കൂട്ട് അനിയന്മാരാരെ ദേവസ്വം ഭരണസമിതിയോഗം തീരുമാനിച്ചു. 24 വർഷമായി പാറമേക്കാവ് വിഭാഗം പ്രമാണിയായ പെരുവനം കുട്ടന്മാരാരെ ഒഴിവാക്കിയാണ് പാറമേക്കാവ് ദേവസ്വം തീരുമാനം. കിഴക്കൂട്ട് തിരുവമ്പാടി വിഭാഗം പ്രമാണിയായിരുന്നു. ഇതോടെ തിരുവമ്പാടി ദേവസ്വം പുതിയ പ്രമാണിയെ കണ്ടെത്തേണ്ടിവരും.
പാറമേക്കാവ് പൂരം പ്രമാണത്തിന് കാല്നൂറ്റാണ്ടു തികയാന് ഒരുവര്ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പെരുവനത്തെ മാറ്റിയത്. 1999 മുതൽ പെരുവനം പാറമേക്കാവ് മേളപ്രമാണിയാണ്. പാറമേക്കാവ് വേലയുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളുമായി ഉണ്ടായ തര്ക്കങ്ങളാണ് ഒഴിവാക്കലിന് കാരണം എന്നറിയുന്നു. 77 വയസായ മുതിർന്ന കലാകാരനായ കിഴക്കൂട്ട് അനിയൻമാരാരുടെ ചിരകാല അഭിലാഷമാണ് ഇലഞ്ഞിത്തറയിൽ പ്രമാണിയാവുന്നത്. ഇതിന് അവസരം നൽകുകയാണെന്നാണ് ദേവസ്വം പത്രക്കുറിപ്പിലുള്ളത്.
ഇതിനുമുമ്പ് പതിനാറാം വയസ്സുതൊട്ട് 35 വര്ഷത്തോളം ഇലഞ്ഞിത്തറയില് കിഴക്കൂട്ട് പാറമേക്കാവ് വിഭാഗത്തിനുവേണ്ടി കൊട്ടിയിട്ടുണ്ട്. 2011ൽ മട്ടന്നൂർ ശങ്കരൻ കുട്ടി ഒഴിഞ്ഞപ്പോഴാണ് തിരുവമ്പാടിയുടെ മേള പ്രമാണിയാവുന്നത്. ഇലഞ്ഞിത്തറയിൽ പെരുവനം കൊട്ടികയറുമ്പോൾ ശ്രീമൂലസ്ഥാനത്ത് കിഴക്കൂട്ടും പാണ്ടി മേളം കൊട്ടി കയറാറുണ്ട്