തിരുവനന്തപുരം> മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ സമ്മേളനത്തിൽ തമിഴ്നാട്ടിൽനിന്നുള്ള എൺപതുകാരി വിജയ ജാനകി ഏറ്റവും പ്രായം കൂടിയ പ്രതിനിധിയായപ്പോൾ മണിപ്പുരിൽനിന്നുള്ള ഇരുപത്തൊന്നുകാരി സാധിക കൂട്ടത്തിലെ “കുട്ടി’യായി. മിശ്രവിവാഹിതരായ 215 വനിതകൾ സമ്മേളനത്തിൽ പങ്കെടുത്തു. ഡോക്ടറേറ്റ് ബിരുദമുള്ള 28 പ്രതിനിധികൾ. 141 ബിരുദാനന്തര ബിരുദക്കാരും 182 ബിരുദധാരികളുമുണ്ട്.
1981ലെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത 34 പേർ 13–-ാംസമ്മേളനത്തിലും പ്രതിനിധികളായി. മഹിളാ അസോസിയേഷന്റെ 12 ദേശീയ സമ്മേളനങ്ങളിലും പങ്കെടുത്ത 20 പേരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. 374 വനിതകൾ അറസ്റ്റ് വരിക്കുകയും 127 പേർ ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധിയായ എ ആർ ആതിരയ്ക്ക് 42 ദിവസം ജയിലിൽ കഴിയേണ്ടിവന്നു. പ്രതിനിധികളുടെ വിശദാംശങ്ങളടങ്ങിയ ക്രെഡൻഷ്യൽ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
ഏഴ് എംഎൽഎമാരും 26 ജില്ലാ പഞ്ചായത്ത് അംഗങ്ങളും കേരളത്തിൽനിന്ന് മന്ത്രിയായ ആർ ബിന്ദുവും സമ്മേളനത്തിൽ പങ്കെടുത്തു. ഹരിയാനയിൽനിന്നുള്ള സവിത (കൺവീനർ), റീന (മധ്യപ്രദേശ്), പി കെ സൈനബ (കേരളം) എന്നിവർ അടങ്ങുന്ന ക്രെഡൻഷ്യൽ കമ്മിറ്റിയാണ് വിവരങ്ങൾ ക്രോഡീകരിച്ചത്.