ന്യൂഡൽഹി> കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കെഎസ്ആർടിസിക്ക് ബാധ്യതയുണ്ടാകുമെന്ന വാദം പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്നു സുപ്രീം കോടതി ബെഞ്ചാണ് വിധി മരവിപ്പിച്ചത്.
ബസുകളിൽ പരസ്യം പതിക്കുന്നതിന് സുപ്രീംകോടതിയിൽ കെഎസ്ആർടിസി മാർഗരേഖ സമർപ്പിച്ചു. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പതിക്കില്ല. മോട്ടർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും വ്യക്തമാക്കി.