തിരുവനന്തപുരം (എം സി ജോസഫൈൻ നഗർ)?> രാഷ്ട്രീയ പാർടികളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുറപ്പാക്കണമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ. പാർലമെന്റിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലുണ്ടാകേണ്ടത് അനിവാര്യതയാണെന്നും സമ്മേളന വേദിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾക്ക് നേരെ വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ബാങ്കുകളുടെ സ്വകാര്യവൽക്കരണം സ്ത്രീകളെയാണ് കൂടുതൽ ബാധിക്കുന്നത്. മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമകളുടെ അതിക്രമങ്ങൾക്ക് അവർ ഇരകളാകുകയാണ്. ഇതിനെതിരെ ശക്തമായ പോരാട്ടം ഉയർന്നുവരും.
ഇരകൾക്കെതിരായി നടക്കുന്ന വർഗീയ വിവേചനത്തിനെതിരായ പോരാട്ടവും ക്യാംപയിനും ശക്തമാക്കും.
മുസ്ലിം വിഭാഗത്തിൽനിന്നുള്ളവർ പ്രതികളായാൽ അത് അവർ പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിന്റെ പ്രശ്നമായാണ് ആർഎസ്എസും സംഘപരിവാർ സംഘടനകളും പ്രചരിപ്പിക്കുക. അതേസമയം, മുസ്ലിം വിഭാഗത്തിലെ സ്ത്രീകൾ ഇരകളാകുമ്പോൾ പ്രതികളുടെ വ്യക്തിപരമായ പ്രശ്നം മാത്രമായി ചുരുക്കിക്കെട്ടുകയും ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പ്രതിനിധികൾ ചർച്ചയിൽ അവതരിപ്പിച്ചു.
അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി കെ ശ്രീമതി, അസി. സെക്രട്ടറി എൻ സുകന്യ, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, പ്രസിഡന്റ് സൂസൻകോടി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എൻ സീമ, പ്രൊഫ. അർച്ചന പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.