തിരുവനന്തപുരം
രാജ്യത്ത് ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങളെ ചെറുക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും എല്ലാ ജനാധിപത്യശക്തികളും മുന്നിട്ടിറങ്ങണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങളും സ്വയംഭരണാവകാശങ്ങളും ലംഘിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സമ്മേളനം പ്രതിഷേധിച്ചു.
നരേന്ദ്ര മോദി സർക്കാർ 2014 മുതൽ സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനും ഭരണഘടനയുടെ ഫെഡറൽ ഘടനയെ മാറ്റിമറിക്കാനും തീവ്രശ്രമങ്ങൾ നടത്തുന്നുണ്ട്. രണ്ടാമതും അധികാരമേറ്റതിനു പിന്നാലെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് കശ്മീരിലെ സ്ഥിതി കൂടുതൽ വഷളാക്കി
ലെഫ്റ്റനന്റ് ഗവർണർമാരുടെയും ഗവർണർമാരുടെയും ഭരണഘടനാ പദവികൾ ദുരുപയോഗംചെയ്ത് സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തെ പലവിധത്തിൽ തടസ്സപ്പെടുത്തുന്നു. ലക്ഷ്വദീപിൽ, ലെഫ്റ്റനന്റ് ഗവർണർ പ്രഫുൽ ഖോഡ പട്ടേൽ പ്രദേശത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും തുരങ്കംവയ്ക്കുന്ന ഉത്തരവുകളാണ് പാസാക്കിയത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഗവർണർമാർ നിയമസഭ പാസാക്കിയ ബില്ലുകൾ സ്തംഭിപ്പിക്കാനും ശ്രമിച്ച്, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ദുർബലപ്പെടുത്തുന്നു.
സംസ്ഥാന അവകാശങ്ങളിൽ കടന്നുകയറി ‘ഒരു രാജ്യം, ഒരു നയം ’ നടപ്പാക്കാനുള്ള ശ്രമവും നടത്തുന്നു. ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.