തിരുവനന്തപുരം
സംസ്ഥാനത്തിന്റെ വികസനപദ്ധതികൾക്ക് കൺസൾട്ടൻസി സേവനത്തിനായി കിഫ്ബിയോടൊപ്പം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റിയും കൈകോർക്കും. കിഫ്ബി കൺസൾട്ടൻസി സ്ഥാപനം കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡും ഊരാളുങ്കലിന്റെ കൺസൾട്ടൻസി വിഭാഗം യുഎൽ ഇൻസൈറ്റുമായാണ് സഹകരണ ധാരണ. പദ്ധതികളുടെ സാധ്യതാപഠനം, വിശദരേഖ തയ്യാറാക്കൽ, മേൽനോട്ടം മേഖലകളിലാകും സഹകരണം.
ഗതാഗതം, കെട്ടിടനിർമാണം, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലമ്പിങ് മേഖലകളിൽ നൂതനരീതികൾ രൂപപ്പെടുത്തുകയാണ് കിഫ്കോൺ ചുമതല. പദ്ധതിരൂപീകരണവും വികസനവും, എൻജിനിയറിങ്, നടപ്പാക്കൽ എന്നിവയിൽ വൈദഗ്ധ്യം ഉറപ്പിച്ചിട്ടുണ്ട്. സർവേ, മണ്ണ് പര്യവേക്ഷണം, ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ, ആർക്കിടെക്ചറൽ ഡിസൈനിങ്, പ്ലാനിങ്, സിവിൽ കൺസ്ട്രക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംമ്പിങ്, ഇന്റീരിയർ ഡിസൈനിങ്, ഫയർ ആൻഡ് സേഫ്റ്റി, ക്വാളിറ്റി കൺട്രോൾ, സ്ട്രക്ചറൽ, മൈനിങ്, ലോജിസ്റ്റിക്സ് ആൻഡ് മെഷിനറി എക്വിപ്മെന്റ് മാനേജ്മെന്റ്, ബജറ്റിങ്, കോസ്റ്റ് കൺട്രോൾ മേഖലകളിൽ യുഎൽ ഇൻസൈറ്റിന് വിദഗ്ധ സംഘമുണ്ട്. മനുഷ്യവിഭവശേഷി, അടിസ്ഥാനസൗകര്യം, നിർമാണം, ഐടി, ഐടി അനുബന്ധം, ടൂറിസവും സംസ്കാരവും, വൈദഗ്ധ്യ വികസനം, ബഹുമേഖലാ പ്രോജക്ട് മാനേജ്മെന്റും നടപ്പാക്കലും രംഗങ്ങളിൽ യുഎൽ ഇൻസൈറ്റ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
കൊച്ചിൻ സ്മാർട്ട് സിറ്റി ലിമിറ്റഡിന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി, ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ്സ് ഹോൾഡിങ്സ് ലിമിറ്റഡിന്റെ റെസ്റ്റ് സ്റ്റോപ്പുകൾ വ്യാപിപ്പിക്കൽ പദ്ധതി ക്ലയന്റ് എൻജിനിയർ, കേരള റബർ ലിമിറ്റഡിന്റെ പ്രോജക്ട് മാനേജ്മെന്റ് ആൻഡ് ഡിപിആർ കൺസൾട്ടന്റ്, കോവളം ബീച്ചുകളും വികസനപദ്ധതിയുടെ ഡിപിആർ കൺസൾട്ടന്റ്, കൊച്ചി ഡിജിറ്റൽ ട്വിൻ പദ്ധതി കൺസൾട്ടന്റ് എന്നിവ നിലവിലെ കിഫ്കോൺ സേവനങ്ങളാണ്.