എം സി ജോസഫൈൻ നഗർ
(തിരുവനന്തപുരം)
ദളിതരുടെ കുടിവെള്ളത്തിൽ മലംകലക്കിയ മേൽജാതിക്കാർക്കെതിരായ തീവ്രപോരാട്ടത്തിലായിരുന്നു സുശീലയും പാണ്ടിസെൽവിയും. തമിഴ്നാട് പുതുക്കോട്ട ഇരയൂരിലെ ഇരകളുടെ ശബ്ദമായാണ് അവർ മഹിളാ സമ്മേളന വേദിയിലെത്തിയത്. പൊതുപൈപ്പിൽനിന്ന് വെള്ളമെടുക്കാൻ അനുവാദമില്ലാത്ത 30 ദളിത് കുടുംബത്തിനുള്ള പ്രത്യേക ടാങ്കിലാണ് മേലാളന്മാർ ജാതിവെറിയുടെ മാലിന്യം കലക്കിയത്. ക്ഷേത്രപ്രവേശനത്തിനായി പോരാടിയതാണ് ഇവർ ചെയ്ത തെറ്റ്. ക്രിസ്മസ് തലേന്ന് ഈ വെള്ളം കുടിച്ച് ഒരു കുട്ടി ആശുപത്രിയിലായി.
ദുർഗന്ധം വമിക്കുന്ന കൊഴുത്ത വെള്ളമാണ് പൈപ്പിലൂടെ വന്നിരുന്നത്. അഞ്ചുപേർകൂടി ആശുപത്രിയിലായതോടെ 26ന് രാവിലെ പ്രദേശവാസികൾ സിപിഐ എം നേതാവും എംഎൽഎയുമായ എം ചിന്നദുരൈയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ എംഎൽഎ ടാങ്ക് പരിശോധിക്കാൻ നിർദേശിച്ചു. ടാങ്കിൽ വലിയ അളവിൽ മനുഷ്യവിസർജ്യം കണ്ടെത്തി.
സിപിഐ എം, മഹിളാ അസോസിയേഷൻ, അയിത്തോച്ചാടന മുന്നണി പ്രവർത്തകർ പ്രദേശത്ത് പന്തൽ കെട്ടി സമരം തുടങ്ങി.
ഭയന്നുനിന്ന ദളിത് കുടുംബങ്ങൾക്ക് പാർടി ആത്മവിശ്വാസം നൽകി. കലക്ടർ നേരിട്ടെത്തിയതോടെ ആദ്യം അനങ്ങാതിരുന്ന പൊലീസ് കേസെടുത്തു. തീർന്നില്ല, പോരാട്ടത്തിന്റെ നാളുകളാണ് തമിഴ്നാട്ടിൽ വരാനിരിക്കുന്നതെന്ന് മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായ- സുശീലയും പാണ്ടിസെൽവിയും പറയുന്നു.