കാക്കനാട്> ഓഹരിവിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 100 കോടിയിലധികം രൂപ തട്ടിയ കേസിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ തൃക്കാക്കര പൊലീസ് അപേക്ഷ നൽകും. കാക്കനാട് മജിസ്ട്രേട്ട് കോടതിയിൽ തിങ്കളാഴ്ചയാണ് അന്വേഷകസംഘം അപേക്ഷ നൽകുക. മാസ്റ്റേഴ്സ് ഫിൻസെർവ് ഷെയർ ട്രേഡിങ് സ്ഥാപന ഉടമ എബിൻ വർഗീസും ഭാര്യ കമ്പനി ഡയറക്ടർ ശ്രീരഞ്ജിനിയുമാണ് പ്രതികൾ.
കസ്റ്റഡിയിൽ ലഭിച്ചാൽ ഇവരുമായി തൃക്കാക്കര വള്ളത്തോൾ ജങ്ഷനുസമീപമുള്ള മാസ്റ്റേഴ്സ് ഫിൻസെർവ് സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തും. എബിൻ വർഗീസ് ഭാര്യയുടെ പേരിൽ തൃക്കാക്കരയിൽ വാങ്ങിയ സ്വകാര്യ ഫ്ലാറ്റിലും തെളിവെടുപ്പുണ്ടാകും. പണം എവിടെയെല്ലാം നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ ചോദ്യംചെയ്യലും ഉണ്ടാകും. തൃക്കാക്കര പൊലീസിൽനിന്ന് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ച് വിഭാഗത്തിന് കൈമാറാൻ ഉത്തരവിറങ്ങി. ക്രൈംബ്രാഞ്ച് അന്വേഷണം രണ്ടുദിവസത്തിനകം ഏറ്റെടുക്കുമെന്നാണ് സൂചന.
തൃക്കാക്കര സ്റ്റേഷനിൽ ഇവർക്കെതിരെ ഇതുവരെ 123 പരാതികൾ ലഭിച്ചു. ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളിൽ കോടികൾ ചെലവഴിച്ചതായാണ് എബിൻ പൊലീസിന് മൊഴി നൽകിയത്. പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ ഗോവയിൽ പോയതിന്റെ വിവരങ്ങൾ പരിശോധിച്ചുവരുന്നു.