ചങ്ങനാശ്ശേരി > പ്രതിപക്ഷ നേതാവ് വി ഡി സതീനെതിരെ രൂക്ഷ വിമർശനവുമായി എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പറവൂരിൽ ജയിച്ചുകഴിഞ്ഞപ്പോൾ സമുദായത്തെ തള്ളിപ്പറഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കാൻ മണിക്കൂറുകളോളം വിളിച്ച് സഹായം അഭ്യർത്ഥിച്ചതായും സുകുമാരൻ നായർ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വളരെ മോശം ഭാഷയാണ് സതീശന്റേത്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല എന്ന് പറഞ്ഞ സതീശൻ തെരഞ്ഞെടുപ്പിന് മുൻപ് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകൾ എൻഎസ്എസ് അംഗങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. ആക്ഷേപിക്കുന്ന വാക്കുകളായിരുന്നു അത്. ക്ഷമിക്കാൻ കഴിയുന്ന ഒന്നല്ല അത്.
കേരളത്തിൽ പ്രതിപക്ഷം ഉണ്ടോ എന്ന് തോന്നിപ്പിക്കുന്ന പ്രവർത്തനമാണ് അദ്ദേഹത്തിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് രണ്ട് മണിക്കൂറോളം വിളിച്ച് പിന്തുണ തേടി. പിന്നീട് സ്വഭാവം മാറി. ചെന്നിത്തലയും സതീശനും ഒരേ തൂവൽപക്ഷികളാണെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുള്ള തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസുകാര്‍തന്നെ ശ്രമിക്കുകയാണ്. മന്നം ജയന്തി ആഘോഷത്തിലെ തരൂരിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഒരു നായര്‍ മറ്റാരു നായരെ അംഗീകരിക്കില്ലെന്ന് മന്നം തന്നെ പറഞ്ഞിട്ടുണ്ട്.
‘ലൗ ജിഹാദ്’ എന്ന ആരോപണം തെറ്റാണെന്നും ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്ന തരത്തിലാണ് അതെന്നും സുകുമാരൻ നായർ പറഞ്ഞു. ‘ലൗ ജിഹാദ്’ ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. എല്ലാ മതങ്ങളിലുമുള്ളവർ തമ്മിൽ വിവാഹം കഴിക്കാറുണ്ട്. ഇതിൽ ഒരു സമുദായത്തെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലാകരുത്. ലൗ ജിഹാദ് ഉണ്ടെന്ന ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആശങ്ക പങ്കുവെക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.