വാഷിങ്ടൺ
റിപ്പബ്ലിക്കൻ പാർടിയിലെ കലഹത്തെത്തുടർന്ന് സൃഷ്ടിക്കപ്പെട്ട അനിശ്ചിതത്വത്തിനൊടുവിൽ കെവിൻ മക്കാർത്തി യുഎസ് പ്രതിനിധിസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച രാത്രി നടന്ന 15–-ാം വട്ട തെരഞ്ഞെടുപ്പിലാണ് 216 വോട്ടുനേടി കെവിൻ മക്കാർത്തി തെരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർടിയിലെ 212 അംഗങ്ങളും അവരുടെ സ്ഥാനാർഥി ഹകീം ജെഫ്രിസിന് വോട്ട് ചെയ്തു. 164 വർഷത്തിനിടെ ആദ്യമായാണ് സഭയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും സ്പീക്കറെ തെരഞ്ഞെടുക്കാൻ 15 വട്ടം തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. പ്രതിനിധിസഭയിൽ റിപ്പബ്ലിക്കൻ പാർടിക്ക് നിലവിൽ 222 അംഗങ്ങളുണ്ട്.
കെവിൻ മക്കാർത്തിയോട് എതിർപ്പുള്ള പാർടിയിലെ ഒരുവിഭാഗം പിന്തുണ നൽകാതെ മാറിനിന്നതോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് അനന്തമായി നീണ്ടത്. വിമത വിഭാഗത്തിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയാണ് ഒത്തുതീർപ്പിൽ എത്തിയതെന്നാണ് റിപ്പോർട്ട്.
ഒത്തുതീർപ്പിന്റെ ഭാഗമായി വിമതരായ തീവ്രവലതുപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവന്നേക്കും. സെനറ്റിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. കെവിൻ മക്കാർത്തിയെ പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. സ്പീക്കറെ തെരഞ്ഞെടുക്കാൻ കഴിയാത്തത് നാണക്കേടാണെന്ന് ബൈഡൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.