കൊച്ചി
കോടികളുടെ ഓഹരിനിക്ഷേപ തട്ടിപ്പ് നടത്തി ഒളിവിൽപ്പോയ ദമ്പതികൾ ഡൽഹിയിൽ അറസ്റ്റിൽ. മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ കാക്കനാട് മൂലേപ്പാടം റോഡ് സ്ലീബാവീട്ടിൽ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
നൂറുകോടിയുടെ തട്ടിപ്പ് നടത്തിയാണ് ദമ്പതികൾ മുങ്ങിയത്. ദുബായിലും തായ്ലൻഡിലുമടക്കം ഇവർ ഒളിവിൽ കഴിഞ്ഞു. ബുധനാഴ്ച ഇവരുടെ കേസ് കോടതി പരിഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ കേരളത്തിലേക്ക് തിരിച്ചത്. ദുബായിൽനിന്ന് ഡൽഹിയിലെത്തിയ ഇവരെ വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്തു. കേരളത്തിൽ എത്തിച്ചശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. പരാതിയുമായി എത്തിയതിലും കൂടുതലാളുകൾ കബളിപ്പിക്കപ്പെട്ടതായാണ് വിവരം.
ഓഹരിവിപണിയിൽ മുതൽമുടക്കിയാൽ വൻലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ദമ്പതികളെ വിശ്വസിച്ച് നിരവധിപേരാണ് മുതൽമുടക്കിയത്. നിക്ഷേപിച്ചതിനെക്കാൾ ഇരട്ടിതുക നൽകി ദമ്പതികൾ വിശ്വാസം ആർജിച്ചു. ഇതോടെ കൂടുതൽപേർ വൻതുക നിക്ഷേപിച്ചു. ഈ ഘട്ടത്തിലാണ് പ്രതികൾ മുങ്ങിയത്.
പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. അക്കൗണ്ടുകളും മരവിപ്പിച്ചു. അക്കൗണ്ടുകളിൽ കാര്യമായ തുകകളില്ലെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എറണാകുളത്ത് ഉൾപ്പെടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഇവർ സ്ഥലങ്ങളും വീടുകളും വാങ്ങിയിട്ടുണ്ട്. മുങ്ങുന്നതിനുമുമ്പ് ഇതെല്ലാം വിറ്റു. കഴിഞ്ഞ വർഷാരംഭത്തിലാണ് വിദേശത്തേക്ക് കടക്കാൻ തയ്യാറെടുപ്പ് നടത്തിയത്. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചു. നഷ്ടത്തിലാണെന്ന് മനസ്സിലാക്കിയ നിക്ഷേപകരിൽ ചിലർ പണവും പിൻവലിച്ചു. കേസുമായി സഹകരിക്കാൻ പ്രതികളോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. അറസ്റ്റിലടക്കം യുക്തമായ തീരുമാനമെടുക്കാമെന്ന് പൊലീസിനോടും വ്യക്തമാക്കി. പ്രതികളെ വ്യാഴാഴ്ച ചോദ്യം ചെയ്തശേഷം വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തും.
പ്രതികൾ നയിച്ചത്
ആഡംബരജീവിതം
ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ദമ്പതികൾ നയിച്ചത് ആഡംബരജീവിതം. സീപോർട്ട്–-എയർപോർട്ട് റോഡിൽ ഭാരതമാതാ കോളേജിനുസമീപം പ്രവർത്തിച്ചിരുന്ന മാസ്റ്റേഴ്സ് ഫിൻകോർപ് ധനകാര്യസ്ഥാപന ഉടമ വാഴക്കാല സ്വദേശി എബിൻ വർഗീസും ഭാര്യ ശ്രീരഞ്ജിനിയും ദുബായിലും തായ്ലൻഡിലുമടക്കം താമസിച്ചിരുന്നതായാണ് സൂചന. 2022 നവംബർ ഇരുപത്തൊമ്പതിനാണ് ഇവർ ദുബായിലേക്ക് കടന്നത്. വിവിധ രാജ്യങ്ങൾ ചുറ്റിക്കറങ്ങി ആഡംബരജീവിതമാണ് ഇരുവരും നയിച്ചിരുന്നത്. നിക്ഷേപകരിൽനിന്ന് വാങ്ങിയ പണം ഉപയോഗിച്ച് എബിൻ ജില്ലയിൽ ആറ് സൂപ്പർ മാർക്കറ്റുകൾ ആരംഭിച്ചിരുന്നു. എറണാകുളത്ത് രണ്ട് ആഡംബര ഫ്ലാറ്റ് വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
മാസ്റ്റേഴ്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എം എ ജേക്കബ് ഷിജോ, അഡ്മിനിസ്ട്രേറ്റർ എ വി ഷോൺ എന്നിവരെയും കേസിൽ പ്രതി ചേർത്തിരുന്നു. ജേക്കബിന്റെയും ഷോണിന്റെയും പേരുകളും നിക്ഷേപകർ നൽകിയ പരാതികളിലുണ്ട്. ഡോക്ടർമാരെയാണ് തട്ടിപ്പുസംഘം കൂടുതലും കെണിയിൽ വീഴ്ത്തിയത്. 90 ശതമാനം ഇടപാടുകളും ബാങ്ക് വഴിയായിരുന്നു. നേരിട്ട് പണം കൈമാറുന്നവരുടെ അടുത്ത് എബിനും ജേക്കബും ഷോണുമാണ് എത്തിയിരുന്നത്. റിലയൻസ് കമ്പനിയുടെ ഓഹരികൾ വിലകുറഞ്ഞ് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകന്റെ കൈയിൽനിന്ന് 30 ലക്ഷം രൂപ വാങ്ങിയതായും പരാതി ലഭിച്ചിരുന്നു. 2016 മുതൽ പ്രവർത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ നവംബർ അവസാനമാണ് പൂട്ടിയനിലയിൽ കണ്ടെത്തിയത്. പ്രമുഖ നടിയടക്കം സിനിമാമേഖലയിലുള്ളവരും തട്ടിപ്പിന് ഇരയായി. എബിൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്തിയതായി പൊലീസിന് തെളിവുകൾ ലഭിച്ചിട്ടില്ല.