കോഴിക്കോട്
തിരുവനന്തപുരം കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് സ്നേഹ ആദ്യമായി കോഴിക്കോട് കാണുന്നത് 2021 നവംബറിൽ. രണ്ടുദിവസം ചെലവഴിച്ചു. ആ അനുഭവങ്ങൾ കോർത്തിണക്കി 90 പേജുള്ള പുസ്തകം ‘മലബാർ എക്സ്പ്രസ്’ പുറത്തിറക്കി. പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചതും കവർ ഡിസൈൻ ചെയ്തതും സ്നേഹതന്നെ. സാഹിതീവാണി 1.14 എന്ന ഇന്റർനെറ്റ് റേഡിയോയുടെ വാർഷികപരിപാടിയുടെ ഭാഗമായിരുന്നു ആർജെയായ സ്നേഹയുടെ ആദ്യവരവ്. അന്ന് നടക്കാവ് ജിവിഎച്ച്എസ്എസിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും പങ്കെടുത്തു. ‘തീപാറും ചർച്ച’ എന്ന അധ്യായമായി ‘മലബാർ എക്സ്പ്രസി’ലും ഇടംപിടിച്ചു.
സംസ്ഥാന കലോത്സവത്തിൽ മലയാളം കഥാരചനയിലും പ്രസംഗത്തിലും പങ്കെടുക്കാനാണ് രണ്ടാംതവണ കോഴിക്കോട്ടെത്തിയത്. കാരപ്പറമ്പ് ഗവ. എച്ച്എസ്എസിലെ മലയാളം പ്രസംഗമത്സരം. ആദ്യ മത്സരാർഥിയായി വേദിയിലെത്തി, മാറുന്ന കേരളം മങ്ങുന്ന മലയാളം എന്ന വിഷയത്തിൽ വാക്കുകളിടറാതെ പ്രസംഗിച്ചു. തുടർന്ന് കഥാരചനയ്ക്കായി നടക്കാവ് ജിവിഎച്ച്എസ്എസിലേക്ക്. അരമണിക്കൂർമാത്രമായിരുന്നു ഇടവേള. പുസ്തകത്തിൽ വിഷയമായ നടക്കാവ് സ്കൂളിലെ വേദിയിലേക്ക് ആശങ്കകളില്ലാത്ത യാത്ര. വലക്കണ്ണികൾ എന്നതായിരുന്നു വിഷയം.
രണ്ടിനത്തിലും എ ഗ്രേഡ് നേടി തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ ‘മലബാർ എക്സ്പ്രസി’ലെ പശ്ചാത്തലങ്ങളെല്ലാം ഒരിക്കൽക്കൂടി കാണാനായതിന്റെ സന്തോഷം മുഖത്ത്. തിരുവനന്തപുരം പള്ളിമുക്ക് ഹരിശ്രീയിൽ ഐ എസ് ഹരികുമാറിന്റെയും ശ്രീലേഖ തമ്പിയുടെയും മകളാണ്.