ശബരിമല > മകരവിളക്ക് ദിവസത്തെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കൽ–-പമ്പ ചെയിൻ സർവീസിൽ കണ്ടക്ടർമാരെ നിയോഗിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. നിലവിൽ ചെയിൻ സർവീസ് ബസുകളിൽ കണ്ടക്ടർമാരില്ല. 205 ബസുകളാണ് ചെയിൻ സർവീസിന് ഉപയോഗിക്കുന്നത്. 65 ബസുകൾ ദീർഘദൂര സർവീസിനുമുണ്ട്.
മകരജ്യോതി ദർശനശേഷം തീർഥാടകർക്കുള്ള മടക്കയാത്രയ്ക്ക് 1070 ബസുകളുണ്ടാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 800 ബസുകളെത്തും. 200 ബസുകൾ നിലയ്ക്കൽ ബേസ് ക്യാമ്പിൽ പാർക്കുചെയ്യും. ജ്യോതി ദർശനം കഴിഞ്ഞാലുടൻ ചെയിൻ സർവീസിനൊപ്പം ദീർഘദൂര ബസ് സർവീസുകളും ആരംഭിക്കും. മൂന്ന് ചെയിൻ സർവീസ് പുറപ്പെടുമ്പോൾ ഇതിനിടയിൽ ഒരു ദീർഘദൂര ബസ് എന്ന നിലയിലാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. രണ്ടാംഘട്ടത്തിൽ മൂന്ന് ചെയിൻ സർവീസിനൊപ്പം രണ്ട് ദീർഘദൂര ബസ് എന്ന നിലയിൽ വാഹനങ്ങൾ ക്രമീകരിക്കും.
പമ്പ ഡിപ്പോയിൽ സ്ഥലസൗകര്യം പരിമിതമായതിനാൽ അട്ടത്തോട് മുതൽ പമ്പാ ത്രിവേണിവരെ റോഡിന്റെ ഒരുഭാഗത്ത് ബസുകൾ പാർക്ക് ചെയ്യും. പ്ലാപ്പള്ളിയിൽ 100, പൊൻകുന്നത്ത് 60, എരുമേലിയിൽ 40 ബസുകളും പത്തനംതിട്ട പാർക്കിങ് ഗ്രൗണ്ടിൽ 100 ബസുകളും ഒരുക്കും. സർവീസുകളെ ബാധിക്കാതിരിക്കാൻ ബസുകൾ പാർക്ക് ചെയ്യുന്നിടത്ത് തന്നെ ജീവനക്കാർക്ക് ഭക്ഷണം എത്തിക്കാനുള്ള പ്രത്യേക ക്രമീകരണവും ഏർപ്പെടുത്തും. ബസുകൾക്ക് തകരാറുണ്ടായാൽ പരിഹരിക്കാൻ ഏഴ് ബസിന് ഒരു മെക്കാനിക്ക് എന്ന നിലയിൽ ജീവനക്കാരെ നിയോഗിക്കും.