മനാമ > ക്രിസറ്റിയാനോ റൊണാള്ഡോക്ക് പിന്നാലെ ലയണല് മെസിയും സൗദിയിലേക്കെന്ന് റിപ്പോര്ട്ട്. അര്ജന്റീനിയുടെ ക്യാപ്റ്റനു പിഎസ്ജിയിലെ സൂപ്പര് താരവുമായ മെസിയുമായി സൗദിയിലെ മുന്നിര ക്ലബായ അല് ഹിലാല് ധാരണയിലെത്തിയതായി ഇറ്റാലിയന് പത്രം റിപ്പോര്ട്ടു ചെയ്തു.
അല് നാസര് ക്ലബുമായി കരാര് ഒപ്പുവെച്ച ക്രിസ്റ്റ്യാനോ തിങ്കളാഴ്ച രാത്രി സൗദിയില് എത്തിയിരുന്നു. റൊണാള്ഡോയെ ആദ്യം സമീപിച്ചത് അല്ഹിലാല് ക്ലബായിരുന്നു. ക്ലബിന്റെ 305 ദശലക്ഷം യൂറോയുടെ വാഗ്ധാനം റൊണാള്ഡോ നിരസിച്ചിരുന്നു. ക്രിസ്റ്റിയാനോ തങ്ങളുടെ എതിരാളികളായ അല് നാസറിനൊപ്പം ചേര്ന്നതിനു തൊട്ടുപിന്നാലെ അല് ഹിലാല് ക്ലബ് മെസ്സിയുടെ ഷര്ട്ടുകള് അവരുടെ ക്ലബ് ഷോപ്പില് വില്പ്പനയ്ക്ക് വെച്ചു. ക്രിസ്റ്റ്യാനോയുടെ അല് നാസറിലെ ഏഴാം നമ്പര് ജേഴ്സി സൗദിയില് ചൂടപ്പംപോലെയാണ് വിറ്റുപോകുന്നത്.
സമീപ ഭാവിയില് ടീമില് ചേരുന്നതിനായി അല് ഹിലാല് ക്ലബ് മെസിയുമായി വന് തുകക്കുളള കരാറില് ഏര്പ്പെട്ടതായാണ് ഇറ്റാലിയന് പത്രമായ ‘കാല്സിയോ മെര്ക്കാറ്റോ’ റിപ്പോര്ട്ട്. ഫുട്ബോള് ചരിത്രത്തിലെ ഏറ്റവും വലിയ തുകക്കുളള കരാറായിരിക്കുമിതെന്നും റിപ്പോര്ട്ട് പറയുന്നു. ഇക്കാര്യത്തില് മെസ്സിയോ അല് ഹിലാലോ ക്ലബ് ഔദ്യോഗിക പ്രസ്താവനകള് നടത്തിയിട്ടില്ല.
സൗദിയിലെ അല് നാസര് ക്ലബിന്റെ ബദ്ധവൈരികളായ അല് ഹിലാല് ലയണല് മെസ്സിയെ തങ്ങളുടെ നിരയില് ചേര്ക്കാന് എന്തും ചെയ്യുമെന്ന് ഇതേ പത്രം നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു. അതേസമയം, മെസ്സി അല് ഹിലാല് ക്ലബ്ബില് ചേരുന്നത് സംബന്ധിച്ച വാര്ത്തകളും കിംവദന്തികളും സോഷ്യല് മീഡിയയില് കാട്ടുതീ പോലെ പടര്ന്നു.
അടുത്ത സീസണില് ലയണല് മെസ്സി ക്ലബ്ബില് തുടരുമോയെന്ന് അറിയില്ലെന്ന് പാരീസ് സെന്റ് ജെര്മെയ്ന് (പഎസ്ജി) പരിശീലകന് ക്രിസ്റ്റഫ് ഗാല്റ്റിയര് പറഞ്ഞു. 35 കാരനായ മെസ്സി ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയുമായി പുതിയ കരാര് ഒപ്പിട്ടിട്ടില്ല. പിഎസ്ജി മെസിക്ക് 2024 ജൂണ് വരെ കരാര് പുതുക്കാന് വാഗ്ദാനം ചെയ്തതായി റിപ്പോര്ട്ടുണ്ട്.