തിരുവനന്തപുരം > ജനുവരി 6 മുതല് 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയില് സവിശേഷസ്ഥാനത്താണുള്ളതാണെന്ന് അസോസിയേഷന് അഖിലേന്ത്യാ സെക്രട്ടറി മരിയം ധാവ്ളെ പറഞ്ഞു. സ്ത്രീകളുടെ പൗരാവകാശവും തൊഴില് അവകാശങ്ങളും കാറ്റില് പറത്തിക്കൊണ്ട് ആര്എസ്എസ് പിന്തുണയുള്ള മോദി സര്ക്കാരിന് കീഴില് ലിംഗദവിസമത്വം ദിനംപ്രതി അന്യമാകുകയാണ്. ‘സമത്വത്തിനായി ഐക്യത്തോടെ പോരാടുക’ എന്ന സമ്മേളനത്തിന്റെ മുദ്രാവാക്യം ഈ സാഹചര്യത്തിലാണ് ഏറെ പ്രസക്തി നേടുന്നതെന്നും മരിയം ധാവ്ളെ പറഞ്ഞു. അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച വാര്ത്താസമ്മേളനത്തില് പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്.
25 സംസ്ഥാനങ്ങളില് നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില് നിന്നുമായി 850 പ്രതിനിധികള് സമ്മേളനത്തില് പങ്കെടുക്കും. ഇന്ത്യന് സ്ത്രീകള് നേരിടുന്ന ഗുരുതരവും സമകാലികവുമായ പ്രശ്നങ്ങള് സമ്മേളനം ചര്ച്ച ചെയ്യും. ആറ് കമ്മീഷന് പേപ്പറുകള് സമ്മേളനം വിശദമായി ചര്ച്ച ചെയ്യും. പ്രസക്തമായ വിഷയങ്ങളെക്കുറിച്ചുള്ള കമ്മീഷന് പേപ്പറുകള് മുന്കൂട്ടി തയ്യാറാക്കിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള പ്രാഥമിക ചര്ച്ചകള് സംസ്ഥാന തലങ്ങളില് നടന്നിട്ടുണ്ട്. പേപ്പറുകള് ഇപ്രകാരമാണ്: 1) സ്വാതന്ത്ര്യ സമരവും സ്ത്രീ പ്രസ്ഥാനവും, 2) ദേശീയ വിദ്യാഭ്യാസ നയവും സ്ത്രീകളില് അതിന്റെ സ്വാധീനവും, 3) കാലാവസ്ഥാ വ്യതിയാനവും സ്ത്രീകളും, 4) പെണ്കുട്ടികളുടെ അവകാശങ്ങള്, 5) തൊഴിലും സ്ത്രീകളും, 6) സ്ത്രീകളുടെ അവകാശങ്ങളും ഐക്യത്തിന്റെ വിഷയവും.
ഉദ്ഘാടന സെഷനില് മഹിളാ അസോസിയേഷന് ‘പ്രതിരോധത്തിന്റെ പ്രതീകങ്ങളെ’ ആദരിക്കും. ടിഎംസി അതിക്രമങ്ങളെ അതിജീവിച്ച പശ്ചിമ ബംഗാളില് നിന്നുള്ള ഫൂലോറ മൊണ്ടല്, ഹരിയാനയില് നിന്നുള്ള കര്ഷക പ്രസ്ഥാനത്തിന്റെ നേതാവ് ഷീല ബുട്ടാന, ഒഡീഷയില് നിന്നുള്ള മൈക്രോഫിനാന്സ് സ്ഥാപനങ്ങള്ക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ച സംയുക്ത ഷെട്ടി, ഹരിയാനയില് നിന്നുള്ള അങ്കണവാടി സമരത്തിന്റെ നേതാവ് ശകുന്തള, അക്രമത്തെ അതിജീവിച്ച തമിഴ്നാട്ടില് നിന്നുള്ള രേവതി എന്നിവരാണ് ആദരിക്കപ്പെടുന്നത്.
പൗരാവകാശ പ്രവര്ത്തക ടീസ്റ്റ സീതല്വാദ്, സാമ്പത്തിക വിദഗ്ധ മധുര സ്വാമിനാഥന്, വനിതാ പ്രസ്ഥാനത്തിന്റെ മുന്നിര നേതാവ് ഇന്ദു അഗ്നിഹോത്രി, കീര്ത്തി സിംഗ്, അര്ച്ചന പ്രസാദ് തുടങ്ങിയവര് സമ്മേളനത്തിലെ പ്രത്യേക ക്ഷണിതാക്കളില് ഉള്പ്പെടുന്നതായും മരിയം ധാവ്ളെ കൂട്ടിച്ചേര്ത്തു.
ജനുവരി നാലിന് വൈകീട്ട് നാലിന് പാളയം മേല്പ്പാലത്തില് നിന്ന് രക്തസാക്ഷി സ്മാരകത്തിലേക്ക് സമ്മേളന പ്രഖ്യാപന ഘോഷയാത്ര നടക്കുമെന്ന് അസോസിയേഷന് കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി.എന്. സീമ പറഞ്ഞു. ജനുവരി 5 ന് മഹിളാ സഖാക്കള് പങ്കെടുക്കുന്ന ദീപശിഖ ഘോഷയാത്ര, കൊടിമര ജാഥ, പതാക മാര്ച്ച് എന്നിവ നടക്കും. കരമന എസ്. ശാരദാമ്മ സ്മാരകത്തില് ആരംഭിക്കുന്ന പതാക ജാഥ എ.ഐ.ഡി.ഡബ്ല്യു.എ കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. സ. അമ്മു രക്തസാക്ഷി സ്മാരകം, വാഴമുട്ടത്ത് നിന്ന് ആരംഭിക്കുന്ന ദീപശിഖ ഘോഷയാത്ര അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി.സതീദേവി ഉദ്ഘാടനം ചെയ്യും. മെഡിക്കല് കോളേജിലെ സഖാവ് ദേവകി വാര്യര് സ്മാരകത്തില് നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ എ.ഐ.ഡി.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് സൂസന് കോടി ഉദ്ഘാടനം ചെയ്യും. മൂന്ന് ജാഥകളും മല്ലു സ്വരാജ്യം നഗറില് (പുത്തരിക്കണ്ടം മൈതാനം) സമാപിക്കും. അവിടെ സംഘാടക സമിതി ചെയര്പേഴ്സണും എഐഡബ്ല്യുഎ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പി.കെ. ശ്രീമതി സമ്മേളനത്തിന്റെ പതാക ഉയര്ത്തും. പതിമൂന്നാം സമ്മേളനത്തിലേക്ക് നേരത്തെ നടന്ന ദേശീയ സമ്മേളനങ്ങളുടെ പന്ത്രണ്ട് വേദികളില് നിന്നള്ള ദീപശിഖകള് കൊണ്ടുവരും.
ജനുവരി 6 വെള്ളിയാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. ടാഗോര് ഹാളില് പ്രതിനിധി സമ്മേളനം നടക്കുന്ന വേദി എം.സി. ജോസഫൈന് നഗര് എന്ന് പേരിട്ടിരിക്കുന്നു. കേരള കലാമണ്ഡലം പബ്ലിക് ഡീംഡ് യൂണിവേഴ്സിറ്റി ചാന്സലറും ലോകപ്രശസ്ത നര്ത്തകിയും ഗുജറാത്തിലെ വര്ഗീയ രാഷ്ട്രീയത്തെ ധീരതയോടെ എതിര്ത്ത പ്രവര്ത്തകയായ മല്ലിക സാരാഭായി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ പതാക ജനുവരി 6ന് സമ്മേളന വേദിയില് എഐഡിഡബ്ല്യുഎ അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ ഉയര്ത്തും.
ജനുവരി ഒമ്പതിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം സ്ത്രീകള് പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കുമെന്നും ഡോ. ടി.എന്. സീമ പറഞ്ഞു.
സ്പാറ്റോയുടെ നേതൃത്വത്തില് തയ്യാറാക്കിയ ചരിത്രത്തിലെ സ്ത്രീ പോരാളികളെ പ്രദിപാദിക്കുന്ന കലണ്ടര് സുഭാഷിണി അലി പ്രകാശനം ചെയ്തു. വാര്ത്താസമ്മേളനത്തില് പി.കെ. ശ്രീമതി ടീച്ചര്, കെ.കെ. ശൈലജ ടീച്ചര്, സൂസന് കോടി, സി.എസ്. സുജാത, പി. സതീദേവി എന്നിവര് പങ്കെടുത്തു.