കോവളം> മൂന്നര വയസ്സുകാരനെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കുട്ടിയെ കമ്പ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൻമൂല സ്വദേശി റോയിയെ (27) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് അടിമലത്തുറ സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു താമസം.
യുവതി പുതുവർഷാഘോഷത്തിന് പോയത് ചോദ്യം ചെയ്ത റോയി യുവതിയെ മർദിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ഇറങ്ങി ഓടി. തുടർന്നാണ് യുവതിയുടെ മകനെ കമ്പി കൊണ്ട് മുഖത്ത് അടിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. കുട്ടിയുടെ കണ്ണിന് താഴെയും ചുണ്ടിലും അടിയേറ്റപാടുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുമ്പ് ഈ കുട്ടിയെ മർദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് ആക്രമണം. റോയിയുടെ പേരിൽ മോഷണം ഉൾപ്പെടെ നിരവധി കേസുകളുണ്ടെന്ന് വിഴിഞ്ഞം എസ് ഐ വിനോദ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.















