കാഞ്ഞങ്ങാട്
സ്വപ്നങ്ങളിലൊന്ന് സാധ്യമായതിന്റെ സന്തോഷത്തിലാണ് സജിനയിപ്പോൾ. ജന്മനാ അരയ്ക്കുതാഴെ തളർന്ന, മുപ്പതുകാരിയായ കാഞ്ഞങ്ങാട് അനന്തംപള്ളയിലെ എം കെ സജിനയുടെ ആഗ്രഹമായിരുന്നു ഇലക്ട്രിക് ചക്രക്കസേര. ചൊവ്വാഴ്ച ഗൃഹസന്ദർശനത്തിനെത്തിയ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് ഇക്കാര്യം പറഞ്ഞു. മീൻവിൽപ്പനക്കാരനായ ഉപ്പ സി എച്ച് അബൂബക്കറിനും ഉമ്മ എം കെ സുലൈഖക്കും ഇതിനുള്ള സാമ്പത്തികശേഷിയില്ല. പുറത്തുപോകണമെങ്കിൽ ആരെങ്കിലും എടുക്കണം. എം വി ഗോവിന്ദൻ പ്രദേശിക നേതാക്കളോട് സംസാരിച്ചപ്പോൾ ഉടൻ എത്തിക്കാമെന്നായി.
|
ജില്ലാ കനിവ് പാലിയേറ്റീവ് കെയർ സൊസൈറ്റി കാഞ്ഞങ്ങാട് ഏരിയാ കോ–-ഓഡിനേറ്റർ പ്രിയേഷിന്റെ നേതൃത്വത്തിൽ വളന്റിയർമാർ പകൽ രണ്ടോടെ 70,000 രൂപ വിലയുള്ള ചക്രക്കസേരയുമായെത്തി. എം വി ഗോവിന്ദനും കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും ചേർന്ന് കൈമാറിയ കസേരയിൽ ഇരുന്ന് സജിന പറഞ്ഞു–-‘സന്തോഷമായി നന്ദിയുണ്ട്’. നാലാംക്ലാസുവരെ മാത്രംപഠിച്ച സജിന മറ്റൊരാഗ്രഹവും പങ്കുവച്ചു. തുല്യത പരീക്ഷയെഴുതി എസ്എസ്എൽസി ജയിക്കണം. അതിനും സിപിഐ എം പ്രവർത്തകർ സഹായിക്കുമെന്ന് എം വി ഗോവിന്ദൻ ഉറപ്പുനൽകി.















