തിരുവനന്തപുരം> ശാസ്ത്ര/സാമൂഹ്യ/സാഹിത്യ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ മലയാളിയായ പ്രതിഭയ്ക്കുള്ള കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കാനഡ മാക്മാസ്റ്റർ സർവകലാശാലയിലെ മെഡിസിൻസ് വിഭാഗം പ്രൊഫസറായ സലിം യൂസഫിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ബുധനാഴ്ച മന്ത്രി ഡോ. ആർ ബിന്ദുവാണ് ഇതുൾപ്പെടെയുള്ള വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഗവേഷണരംഗത്തെ മലയാളികളായ പ്രഗത്ഭരെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകുന്നതാണ് കൈരളി ഗവേഷക പുരസ്കാരങ്ങൾ.
കൈരളി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് ഡോ. എം ലീലാവതി (ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്) ഉൾപ്പെടെ മൂന്നുപേർ അർഹരായി. ശാസ്ത്രമേഖലയിൽ ഡോ. എ അജയഘോഷ്, സാമൂഹ്യശാസ്ത്രത്തിൽ പ്രൊഫ. എം എ ഉമ്മൻ എന്നിവർക്കും പുരസ്കാരം നൽകും. രണ്ടരലക്ഷം രൂപയും പ്രശസ്തിപത്രവും ഇവർക്ക് നൽകും.
പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനുള്ള കൈരളി ഗവേഷക പുരസ്കാരം മൂന്നുപേർക്കാണ്. ഡോ. സി വി സിജിലാ റോസിലി (കെമിക്കൽ സയൻസ് വിഭാഗം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല), ഡോ. എം എസ് സ്വപ്ന (ബയോളജിക്കൽ സയൻസ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി), ഡോ. കെ മഞ്ജു (ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്, കാലിക്കറ്റ് സർവ്വകലാശാല) എന്നിവരാണ് ജേതാക്കൾ. 25,000 രൂപയും പ്രശസ്തിപത്രവും രണ്ടുവർഷത്തേയ്ക്ക് റിസർച്ച് ഗ്രാന്റായി നാലുലക്ഷം രൂപ വീതവും യാത്ര ഗ്രാന്റായി 75,000 രൂപയും പുരസ്കാരജേതാക്കൾക്ക് ലഭിക്കും.
ഗവേഷകരായ അധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്കാരത്തിന് ഡോ. ജി റീനാമോൾ (കെമിക്കൽ സയൻസ് വിഭാഗം, തിരുവല്ല മാർത്തോമ കോളേജ്), ഡോ. ഇ കെ രാധാകൃഷ്ണൻ (ബയോളജിക്കൽ സയൻസ് വിഭാഗം, മഹാത്മാഗാന്ധി സർവ്വകലാശാല), ഡോ. അലക്സ് പി ജെയിംസ് (ഡിജിറ്റൽ സയൻസ് / ഫിസിക്കൽ സയൻസ്, കേരള സർവകലാശാല), ഡോ. അൻവർ സാദത്ത് (സോഷ്യൽ സയൻസ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള), ഡോ. കെ ടി ഷംഷാദ് ഹുസൈൻ (ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല) എന്നിവർ അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. രണ്ടു വർഷത്തേയ്ക്ക് 24 ലക്ഷം രൂപവരെ റിസർച്ച് ഗ്രാന്റും നൽകും.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് മുൻ ഡയറക്ടർ ഡോ. പി ബലറാം അധ്യക്ഷനും ഡോ. പ്രഭാത് പട്നായിക്, ഡോ. ഇ ഡി ജെമ്മീസ്, പ്രൊഫ. കെ സച്ചിദാനന്ദൻ എന്നിവർ അംഗവുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.