കാസർകോട് > സജി ചെറിയാൻ മന്ത്രിയായി സത്യപതിജ്ഞ ചെയ്യുന്ന കാര്യത്തിൽ ഗവർണർ നിയമപരമായി മാത്രം നടപടി സ്വീകരിച്ചാൽ മതിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ഗവർണർ നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും പോകുമ്പോൾ മാത്രമാണ് പ്രശ്നം. നിയമത്തിന്റെ പേര് പറഞ്ഞ് സർക്കാറിനെ അലോസരപ്പെടുത്തുകയാണ് ഗവർണർ കുറച്ച് കാലമായി ചെയ്യുന്നത്. അതിന്റെ തുടർച്ചയാണ് സജി ചെറിയാൻ വിഷയത്തിലും കാണുന്നത്. നിയവ്യവസ്ഥ തുടരുന്ന നാട്ടിൽ ഗവർണർക്ക് ഇതേ നിലപാട് തുടരാനാകില്ല.
ഭരണഘടനയെ വിമർശിക്കുന്നത് കുറ്റകരമലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശനത്തിനിടയിൽ കാഞ്ഞങ്ങാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൂടെയുണ്ടായിരുന്നു. കാഞ്ഞങ്ങാട് ലോക്കലിലെ അനന്തം പള്ളയിലാണ് ഗൃഹസന്ദർശനം നടത്തുന്നത്.