തിരുവനന്തപുരം> മന്ത്രിസഭ അംഗമായി സജി ചെറിയാന്റെ സത്യപ്രതിജ്ഞയുടെ സമയം സംബന്ധിച്ച് തിങ്കളാഴ്ചയും ഗവർണർ തീരുമാനമെടുത്തില്ല. സന്ധ്യയോടെ ശ്രീനഗറിൽനിന്ന് തിരുവനന്തപുരത്ത് എത്തിയിട്ടും സത്യപ്രതിജ്ഞ സംബന്ധിച്ച് സർക്കാർ ശുപാർശയിൽ മറുപടി നൽകിയില്ല.
ബുധനാഴ്ച സത്യപ്രതിജ്ഞ നടത്താമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ചീഫ് സെക്രട്ടറി ശനിയാഴ്ച രാജ്ഭവന് കൈമാറിയിരുന്നു. ഇതിലെ ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിച്ച ഗവർണറുടെ സ്റ്റാൻഡിങ് കൗൺസിൽ സത്യപ്രതിജ്ഞയ്ക്ക് അനുകൂല നിലപാടാണ് അറിയിച്ചത്. മന്ത്രിയെ നിയമിച്ചുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ കഴിയില്ലെന്നാണ് സ്റ്റാൻഡിങ് കൗൺസിൽ അറിയിച്ചത്. ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് സത്യപ്രതിജ്ഞയ്ക്ക് സൗകര്യം ഒരുക്കുകയെന്ന് ഞായറാഴ്ച സ്റ്റാൻഡിങ് കൗൺസിലിൽ രാജ്ഭവന് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതി ഉത്തരവും പൊലീസ് അന്വേഷണ റിപ്പോർട്ടും സജി ചെറിയാന് അനുകൂലമാണ്. നിയമപരമായി മറ്റു തടസ്സങ്ങളില്ല. എന്നിട്ടും തന്റെ തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ് ഗവർണർ. തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഗവർണർ സത്യപ്രതിജ്ഞ സംബന്ധിച്ച സർക്കാർ കത്ത് താൻ കണ്ടിട്ടില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ശുപാർശ രാജ്ഭവനിൽ എത്തിയിട്ടുണ്ട്. അത് പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന് ഗവർണർ പറഞ്ഞു.
സജി ചെറിയാന്റെ സത്യപ്രതിജ്ഞ സാധാരണ സാഹചര്യമല്ല. നിയമോപദേശം തേടുക സ്വാഭാവിക പ്രക്രിയയാണ്. സാധാരണ നിലയിൽ മുഖ്യമന്ത്രിയുടെ ശുപാർശ അംഗീകരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. ഭരണഘടനയുടെ അന്തസ്സിനെ ചോദ്യം ചെയ്തുവെന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അതിനാൽതന്നെ അതിന്റെ പശ്ചാത്തലവും കേസിന്റെ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. നിയമോപദേശവും പരിഗണിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.