മലപ്പുറം> രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 4.60 കോടി രൂപയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. താമരശ്ശേരി ചുണ്ടയില് ഫിദ ഫഹദ് (27), താമരശേരി രാരോത്ത് പരപ്പന്പൊയില് പാണമ്പ്ര വീട്ടില് അഹമ്മദ് അനീസ് (26) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടുവന്ന 4,59,99,000 രൂപയാണ് അങ്ങാടിപ്പുറം മേല്പ്പാലത്തിന് സമീപത്തുനിന്നും പൊലീസ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയില് ഞായറാഴ്ച രാവിലെ 5.15 ഓടെയാണ് വാഹനം പിടികൂടിയത്. കാറിന്റെ മുന്സീറ്റിനടിയിലുണ്ടാക്കിയ അറയില് കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് കെട്ടുകളാക്കിയിരുന്നത്. ബെംഗളൂരു രജിസ്ട്രേഷനിലുള്ളതാണ് കാര്. അവിടെ നിന്നും മലപ്പുറം ജില്ലയിലേക്കും കൊടുവള്ളിയിലേക്കും ഹവാല ഇടപാടുകള്ക്കായി കൊണ്ടുവന്നതാണ് പണമെന്നാണ് സൂചന. മലപ്പുറം ജില്ലയില് രേഖകളില്ലാത്ത ഏറ്റവും കൂടുതല് തുക പിടികൂടിയ സംഭവവും ഇതാണെന്ന് പൊലീസ് പറഞ്ഞു.
പിടിച്ചെടുത്ത പണം കോടതിയില് ഹാജരാക്കും. കൂടാതെ ആദായനികുതി, എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തുടങ്ങിയവര്ക്കും റിപ്പോര്ട്ട് നല്കും. പിടികൂടിയ പണത്തിന് രേഖകള് ഹാജരാക്കിയാല് നിശ്ചിത പിഴ ഈടാക്കി പണം വിട്ടുനല്കുമെന്നും പൊലീസ് അറിയിച്ചു.