മനാമ> അൽ നസെർ ക്ലബുമായി കരാർ ഒപ്പുവെച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത ആഴ്ച സൗദിയിൽ എത്തും. ജനുവരി 21ന് റിയാദ് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ അൽ ഇത്തിഫാഖ് ക്ലബിനെതിരെ നടക്കുന്ന മത്സരത്തിൽ അൽ നസെർ ക്ലബിനായി റൊണാൾഡോ ബൂട്ടണിയും. ഏപ്രിലിൽ എവർട്ടൻ ആരാധകനായ കുട്ടിയുടെ മൊബൈൽ ഫോൺ തട്ടിതെറിപ്പിച്ചതിന് റൊണാൾഡോയെ അച്ചടക്കസമിതി രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. അതിനാൽ അൽനാസെർ ക്ലബിന്റെ ആദ്യ രണ്ടു മത്സരങ്ങളിൽ റൊണാൾഡോക്ക് കളിക്കാനാകില്ല. ഈ ആഴ്ച മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ റൊണാൾഡായോ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്താനായി വൻ ചടങ്ങ് സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് ക്ലബ്.
റൊണാൾഡോയുമായി കരാർ ഒപ്പിട്ടതായി അൽ നാസെർ ക്ലബ് വെള്ളിയാഴ്ച രാത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2025 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കരാർ റൊണാൾഡോയുമായി ക്ലബ് ഒപ്പുവെച്ചത്. പ്രതിവർഷം 177 ദശലക്ഷം യൂറോയിലധികം വരുന്നതാണ് കരാർ എന്നാണ് റിപ്പോർട്ടുകൾ. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ സൗദി മീഡിയ കമ്പനിയുടെ പിൻതുണയോടെയാണ് അൽ നാസെർ ക്ലബ് കരാർ ഒപ്പിട്ടത്. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയാണ് താരം അണിയുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
റൊണാൾഡോയുമായി കരാർ ഒപ്പിട്ടെന്ന അൽ നാസെർ ക്ലബിന്റെ ടീറ്റ് വൻ ട്രെൻഡായി. ഒരു മണിക്കൂറിനിടെ രണ്ടു കോടിയിെേറ പേർ ട്വീറ്റ് വിക്ഷിച്ചു. ഒരു മണിക്കൂറിനിട 1.80 ലക്ഷത്തിലേറെ ലൈക്കും 75,000ലേറെ കമന്റുകളും 83,000 ലേറെ റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിൽ അൽ-നാസറിനെ പിന്തുടരുന്നവരുടെ എണ്ണം 24 മണിക്കൂറിനിടെ 8,34,000 ൽ നിന്ന് 34 ലക്ഷമായി ഉയർന്നു. 24 മണിക്കൂറിനിടെ 25 ലക്ഷം ഉപയോക്താക്കൾ അൽ-നാസറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരാൻ തുടങ്ങി. മറ്റൊരു രാജ്യത്ത് പുതിയ ഫുട്ബോൾ ലീഗ് അനുഭവിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് 37 കാരനായ റൊണാൾഡോ ട്വിറ്ററിൽ പ്രതികരിച്ചു. കരാറിനുശേഷം 2029 അവസാനംവരെ ക്ലബ്ബിന്റെ അംബാസഡറായി റൊണാൾഡോ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.