പാലക്കാട്> കോര്പ്പറേറ്റുകള്ക്ക് രാജ്യത്തെ കൊള്ളയടിക്കാന് സൗകര്യമൊരുക്കുകയാണ് കേന്ദ്രസര്ക്കാരെന്ന് കിസാന് സഭ അഖിലേന്ത്യാ ജനറല് സെക്രട്ടറി ഡോ.വിജു കൃഷ്ണന്. കര്ഷകര് ദാരിദ്ര്യത്തിലേക്ക് കൂടുതല് വീണുവെന്നും വിജു കൃഷ്ണന് പറഞ്ഞു. ദേശാഭിമാനി 80-ാം വാര്ഷികത്തോടനുബന്ധിച്ചുള്ള കാര്ഷിക സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്ഷകരുടെ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിയെ കണ്ടപ്പോള് തെരഞ്ഞെടുപ്പ് സമയത്ത് നല്കുന്ന വാഗ്ദാനങ്ങള് പാലിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്. അത് വോട്ടിനുള്ളതാണ്, നടപ്പാക്കാനുള്ളതല്ല എന്ന് ഒരു മടിയും കൂടാതെ പറഞ്ഞു. കര്ഷകന് ദുരിതവും കടക്കെണിയുമുണ്ടാകുമ്പോള് കോര്പറേറ്റ് കമ്പനികള്ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള അവസരം നല്കുകയാണ് കേന്ദ്രം
30 വര്ഷത്തിനിടയില് മാറി വന്ന സര്ക്കാരുകള് ചെയ്തുകൊണ്ടിരുന്നത് ഇതാണ്. ഇന്ന് ഉത്തരേന്ത്യയിലെ മാധ്യമങ്ങളെ മോഡി മീഡിയ എന്നാണ് പറയുന്നത്. സര്ക്കാരിന്റെ മടിയില് ഇരിക്കുന്ന, പറയുന്ന രീതിയില് പ്രചരണം നടത്തുന്ന മാധ്യമമാണ് ഇന്ത്യയിലുള്ളത്
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ദരിദ്ര കര്ഷകരുടെ വോട്ടുവാങ്ങിയാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്, പിന്നീടവരെ അവഗണിച്ചു. ഈ മാസം 26ന് അഖിലേന്ത്യാ തലത്തില് വിപുലമായ കര്ഷകമാര്ച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില് സിപിഐ എം ജില്ലാ സെക്രട്ടറി അധ്യക്ഷത വഹിച്ചു. ടോം പനയ്ക്കല്, സി കെ രാജേന്ദ്രന്, എന് എന് കൃഷ്ണദാസ്, കെ എസ് മണി തുടങ്ങിയവര് പങ്കെടുത്തു.















