തിരുവനന്തപുരം
കോൺഗ്രസും മുസ്ലിംലീഗുമായുള്ള പ്രശ്നം പൊട്ടിത്തെറിയിൽ എത്തിനിൽക്കെ വെള്ളിയാഴ്ച കൊച്ചിയിൽ യുഡിഎഫ് യോഗം. ലീഗിനെ വരുതിയിലാക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്കൊപ്പം പുനഃസംഘടനാ പൊല്ലാപ്പുകളും യോഗത്തിൽ കത്തിക്കയറും.
പുതിയ ധ്രുവീകരണത്തിന് വഴിതുറക്കത്തക്ക വിവാദവും പിന്നാമ്പുറ കളിയും യുഡിഎഫിലെ പ്രബലർ തമ്മിൽ അരങ്ങേറുന്നുണ്ട്. ഇത് പോരാഞ്ഞിട്ടാണ് ‘മൃദുഹിന്ദുത്വ ’ സമീപനം ശക്തമാക്കണമെന്ന എ കെ ആന്റണിയുടെ ആഹ്വാനവും. അതുംകൂടി ആയപ്പോൾ കാര്യങ്ങൾ കൈവിട്ട മട്ടാണ്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും പിന്തുണയ്ക്കുന്ന ലീഗിലെ പ്രബലവിഭാഗം കെ സുധാകരന്റെയും വി ഡി സതീശന്റെയും കണ്ണിലെ കരടാണ്. ‘തരൂർ’ എപ്പിസോഡിലടക്കം ഇത് പരസ്യമായിരുന്നു. ഇത് മറികടക്കാൻ ലീഗിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ് കോൺഗ്രസിനെ ഒരു വിഭാഗം ശ്രമിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള നേതാക്കളെ ഒഴിവാക്കണമെന്ന അഭിപ്രായക്കാരാണ് ഇവർ.
പരമ്പരാഗതമായി യുഡിഎഫിന് ലഭിക്കുന്ന ന്യൂനപക്ഷവോട്ട് ചോർന്നതാണ് എ കെ ആന്റണിയുടെ പ്രസ്താവനയ്ക്കു പിന്നിൽ. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ, ഇടതുപക്ഷത്തേക്ക് ഒഴുകിയ വോട്ട് തിരിച്ചെത്തിക്കാനാകുമോ എന്ന വൃഥാശ്രമം. എന്നാൽ, ഈ നീക്കം കോൺഗ്രസിന് കിട്ടുന്ന വോട്ടുകൂടി കുറയ്ക്കുമോ എന്ന ആശങ്കയാണ് രാജ്മോഹൻ ഉണ്ണിത്താനടക്കമുള്ള നേതാക്കളിലൂടെ പുറത്തുവന്നത്. അതുകൊണ്ട് കോൺഗ്രസിന്റെ ഈ ചാഞ്ചാട്ട മനോഭാവത്തിലുള്ള ലീഗ് നിലപാട് നിർണായകമാകും.
കോൺഗ്രസ് നിർജീവം:
ഉണ്ണിത്താൻ
കേരളത്തിൽ അടിമുതൽ മുടിവരെ കോൺഗ്രസ് സംഘടനാ സംവിധാനം നിർജീവാവസ്ഥയിലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പുനഃസംഘടന നടന്നില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും. കോൺഗ്രസ് സാമുദായിക സംഘടനയല്ലെന്നും എ കെ ആന്റണിയുടെ പ്രസ്താവനയെ തള്ളി ഉണ്ണിത്താൻ പറഞ്ഞു. ഏതെങ്കിലും വിഭാഗത്തെ ഉൾപ്പെടുത്തണോ ഒഴിവാക്കണോ എന്ന നിലപാട് സ്വീകരിക്കാനാവില്ല.
എല്ലാ വിഭാഗക്കാരെയും ഉൾക്കൊള്ളുന്ന സംവിധാനമാണ് കോൺഗ്രസിന്റേത്. യുഡിഎഫ് ഘടകകക്ഷികൾ മുന്നണിക്കകത്ത് ചർച്ചചെയ്ത് നിലപാട് ഏകീകരിക്കുന്നതാണ് ശരിയെന്നും ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.
മൃദുഹിന്ദുത്വം എന്നൊന്നില്ലെന്ന് മുരളീധരൻ
മൃദുഹിന്ദുത്വം എന്നൊന്നില്ലെന്ന വിശദീകരണവുമായി കെ മുരളീധരൻ എംപി. രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ പ്രയോഗങ്ങൾ യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ സുധാകരന്റെ പ്രസ്താവന
ബുദ്ധിമുട്ടുണ്ടാക്കി: കുഞ്ഞാലിക്കുട്ടി
കണ്ണൂരിലെ അഭിഭാഷകൻ ടി പി ഹരീന്ദ്രന്റെ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന ബോധ്യപ്പെട്ടെന്നും അവരെ വെറുതെവിടില്ലെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആരോപണം ഗൗരവമുള്ളതെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ബുദ്ധിമുട്ടുണ്ടാക്കി. ഇത് ഉന്നയിച്ചവർക്കെതിരെ ഏതറ്റംവരെയും പോകും. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി തന്നെ ആരോപണം തള്ളിയിട്ടുണ്ട്. ഓർക്കാപ്പുറത്തുള്ള വെളിപാടിനുപിന്നിൽ എന്തെന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചന ബോധ്യപ്പെട്ടത്. ചിലരുടെ പേരുകൾ അറിയാം. നിയമപരമായി നേരിടും. വിഷയം യുഡിഎഫ് അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.