ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എർലിങ് ഹാലണ്ടിന്റെ ഗോളടിക്കളി. ലോകകപ്പിൽ കാഴ്ചക്കാരനാകേണ്ടിവന്ന ഈ നോർവെക്കാരൻ ആ നിരാശ ലീഗിൽ മായ്ച്ചു. ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഹാലണ്ട് ഇരട്ടഗോൾ തൊടുത്തു. 3–-1ന് ജയിച്ച സിറ്റി ഒന്നാമതുള്ള അഴ്സണലുമായുള്ള അന്തരം അഞ്ച് പോയിന്റാക്കി കുറച്ചു.
പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 20 ഗോൾ തികയ്ക്കുന്ന താരമായി ഹാലണ്ട്. 14 കളിയിലാണ് ഈ നേട്ടം. സിറ്റിക്കെതിരെ ലീഡ്സ് ആദ്യഘട്ടത്തിൽ ചെറുത്തുനിന്നു. ആദ്യപകുതിയുടെ അവസാനനിമിഷം റോഡ്രിയിലൂടെ സിറ്റി ആദ്യ ഗോളടിച്ചു. രണ്ടാംപകുതിയിൽ ഹാലണ്ടിന്റെ മിടുക്കിനുമുന്നിൽ ലീഡ്സിന് പിടിച്ചുനിൽക്കാനായില്ല. 13 മിനിറ്റിന്റെ ഇടവേളയിലായിരുന്നു രണ്ട് ഗോളും. പാസ്കൽ സ്ട്രുയ്ക് ലീഡ്സിനായി ഒരെണ്ണം മടക്കി.