കോഴിക്കോട് > അരിയിൽ ഷുക്കൂർ വധക്കേസിൽ താൻ ഇടപെട്ടെന്ന ആരോപണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും കേസ് വിടുന്ന പ്രശ്നമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോപണത്തിന് പിന്നിൽ സ്വാർത്ഥതാൽപര്യമാണ്. ആരോപണത്തിന് പിന്നിൽ ചിലരുണ്ട്. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സത്യമെന്തെന്ന് അന്വേഷണത്തിലുടെ അറിയട്ടെ. ഈ വിഷയം പാർടി ചർച്ചചെയ്തു. അതിനെ നിയമപരമായി നേരിടും. സിവിലായും ക്രിമിനലായും നേരിടും.അപ്പോൾ ഗൂഢാലോചനയൊക്കെ പുറത്തുവരും ‐കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെ പേരില്‍ നിന്ന് കൊലക്കുറ്റം ഒഴിവാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് സൂചിപ്പിച്ച് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ ടി പി ഹരീന്ദ്രനാണ് എഫ് ബി പോസ്റ്റ് ഇട്ടത്. തുടർന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ എറ്റുപിടിക്കുയായിരുന്നു. ആരോപണം ഗൗരവമുള്ളതാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. കെ സുധാകരനുമായി എറെ അടുപ്പമുള്ളയാളാണ് അഡ്വ ഹരീന്ദ്രൻ. കെ സുധാകരന്റെ എല്ലാ കേസുകളും കെെകാര്യം ചെയ്തിരുന്നത് ഹരീന്ദ്രനാണ്.