കൊച്ചി > മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയെ എതിർക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൃദുഹിന്ദുത്വമാണ് കോൺഗ്രസ് നിലപാടെന്നാണ് എ കെ ആന്റണിയുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ചന്ദനക്കുറി തൊടുന്നവരെല്ലാം വർഗീയവാദികൾ ആണെന്ന അഭിപ്രായം സിപിഐ എമ്മിന് ഇല്ലെന്നും വിശ്വാസികളെയും ഉൾക്കൊള്ളുന്നതാണ് പാർട്ടി നിലപാടെന്നും എം വി ഗോവിന്ദൻ കൊച്ചിയിൽ പറഞ്ഞു.
ബിജെപിയുടെ സെക്കൻഡ് ടീമെന്ന രീതിയിലാണ് കോൺഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. അതിന്റെ പരസ്യപ്രഖ്യാപനം ആന്റണി നടത്തി എന്നുമാത്രം. മൃദു ഹിന്ദുത്വ നിലപാടിനെ അവർ തള്ളിപ്പറയുന്നില്ല. ആ നിലപാടിനെ സിപിഐ എം പണ്ടുമുതലേ വിമർശിക്കുന്നുണ്ട്.
ബിജെപിയെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ നിലപാടുകൊണ്ട് സാധിക്കില്ല. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്, വിശ്വാസികളോട് നല്ല സമീപനമാണ് സിപിഐ എമ്മിന്. കോൺഗ്രസിൽ പലരും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.