കാബൂള്‍
ടെലിവിഷൻ ചർച്ചയ്ക്കിടെ തന്റെ സർട്ടിഫിക്കറ്റുകൾ കീറിയെറിഞ്ഞ് കാബൂൾ സർവകലാശാല പ്രൊഫസർ. പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ നടപടിക്കെതിരായിട്ടായിരുന്നു പ്രതിഷേധം. ടോളോ ന്യൂസിൽ നടന്ന ചർച്ചയ്ക്കിടെയാണ് സംഭവം. മുന്‍ അഫ്ഗാന് സര്‍ക്കാരിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്നം നസിമിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്.
തന്റെ സഹോദരിമാര്‍ക്ക് ലഭിക്കാത്ത വിദ്യാഭ്യാസം തനിക്ക് ലഭിച്ചിട്ടെന്തിനാണെന്ന് പറഞ്ഞാണ് ചർച്ചയിൽ പങ്കെടുത്ത പ്രൊഫസർ സര്‍ട്ടിഫിക്കറ്റുകള്‍ കീറിയത് എന്നാണ് ട്വീറ്റില്‍ പറയുന്നത്. സർവകലാശാല വിദ്യാഭ്യാസം വിലക്കിയതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം ആൺകുട്ടികൾ ക്ലാസ് ബഹിഷ്കരിച്ചിരുന്നു.