തിരുവനന്തപുരം
സർവകലാശാലാ നിയമ ഭേദഗതി ബില്ലിൽ ഗവർണർ നിയമോപദേശം തേടി. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കുന്നത് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. പകരം വിദ്യാഭ്യാസ വിചക്ഷണനോ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെ ശാസ്ത്രം, സാങ്കേതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിലേതെങ്കിലും മേഖലയിൽ പ്രാഗത്ഭ്യമുള്ളവർ നിയമിക്കപ്പെടും.
തന്റെ പദവിയുമായും ബന്ധപ്പെട്ട ബിൽ ആയതിനാൽ നിയമപരമായ പരിശോധനയ്ക്കുശേഷമേ തീരുമാനമെടുക്കൂവെന്ന് നേരത്തെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിയമസഭ പാസാക്കി സർക്കാർ സമർപ്പിച്ച ബില്ലിൽ രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിന്റെ ഉപദേശം തേടിയത്.
ചൊവ്വ വൈകിട്ട് രാജ്കോട്ടിൽനിന്ന് ഡൽഹിയിലെത്തിയ ഗവർണർ ബുധൻ രാവിലെ ശ്രീനഗറിലേക്ക് തിരിക്കും. രണ്ടിന് തിരുവനന്തപുരത്ത് മടങ്ങിയെത്തും. ഇതിനുശേഷമേ ബില്ലിൽ നിലപാട് സ്വീകരിക്കാൻ സാധ്യതയുള്ളുവെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി.