മംഗലപുരം> ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. പുത്തൻതോപ്പ് ഷൈൻ നിവാസിൽ ബിനുവിന്റെയും ഷൈനിയുടെയും മകൻ ശ്രേയസ് (17), കണിയാപുരം മസ്താൻമുക്ക് വെട്ടാട്ടുവിള വീട്ടിൽ അബ്ദുൽ സലാമിന്റെയും സബീനയുടെയും മകൻ സാജിത് (19) എന്നിവരുടെ മൃതദേഹമാണ് ചൊവ്വ രാവിലെ പുതുക്കുറിച്ചി തീരത്ത് കണ്ടെത്തിയത്.
ഞായർ വൈകിട്ട് 5.30നാണ് ശ്രേയസ് കഠിനംകുളം പുത്തൻതോപ്പിൽ കുളിക്കാനിറങ്ങിയത്. തിരയിലകപ്പെട്ട ശ്രേയസിനെ രക്ഷിക്കാനിറങ്ങിയാണ് സാജിത്ത് അപകടത്തിൽപെട്ടത്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. സാജിദ് ബൈക്ക് സർവീസ് സെന്റർ തൊഴിലാളിയാണ്.
സഹോദരങ്ങൾ: സാബിർ, ഫാത്തിമ. കഴക്കൂട്ടം ഗവ. എച്ച്എസ്എസിലെ പ്ലസ്വൺ വിദ്യാർഥിയാണ് ശ്രേയസ്. സഹോദരൻ: മാനസ്. ക്രിസ്മസ് ദിനത്തിൽ തുമ്പ ആറാട്ടുവഴിയിലും അഞ്ചുതെങ്ങ് മാമ്പള്ളിയിലുമായി കടലിലിറങ്ങിയ രണ്ടുപേർ തിരയിൽപെട്ട് മരിച്ചിരുന്നു. തുമ്പ പുതുവൽ പുരയിടത്തിൽ ഫ്രാങ്കോ ബെയ്സിൽ (36), മാമ്പള്ളി ഓലു വിളാകത്തു വീട്ടിൽ സാജൻ ആന്റണി (37) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച സംസ്കരിച്ചു.