കോവളം> പൂവാർ ബസ്സ്റ്റാൻഡിൽ വച്ച് വിദ്യാർഥിയെ മർദിച്ച കെഎസ്ആർടിസി കൺട്രോളിങ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പൂവാർ ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പക്ടറും ബിഎംഎസ് നേതാവുമായ നെടുമങ്ങാട് കൊപ്പംവീട്ടിൽ എം സുനിൽകുമാർ (46) നെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. വിദ്യാർഥിയെ മർദിക്കുകയും സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽ പൂട്ടിയിടുകയും ചെയ്ത സംഭവം കോർപ്പറേഷന് നാണക്കേട് ഉണ്ടാക്കിയെന്ന് കണ്ടാണ് എംഡി ബിജുപ്രഭാകർ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കെഎസ്ആർടിസി വിജിലൻസ് സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുപുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ വിദ്യാർഥി പൊഴിയൂർ സ്വദേശി ഷാനുവിനെ സുനിൽകുമാർ മർദിച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന ഷാനുവിനോട് സുനിൽ ബസ്സിൽ കയറാൻ ആവശ്യപ്പെടുകയും ഇരുവരും വാക്കേറ്റമാവുകയുമായിരുന്നു. തുടർന്ന് ഷാനുവിനെ സ്റ്റേഷൻമാസ്റ്ററുടെ മുറിയിൽകൊണ്ടുപോയി പൂട്ടിയിടാൻ സുനിൽ ശ്രമിച്ചു. വിദ്യാർഥിക്ക് മർദനമേറ്റെന്ന പരാതിയിൽ കെഎസ്ആർടിസിയുടെ വിജിലൻസ് സംഘം പൂവാറിലെത്തി അന്വേഷിച്ചിരുന്നു. ഷാനുവിന്റെ പരാതിയിൽ സുനിൽകുമാറിനെ പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധ മാർച്ച് ഉൾപ്പെടെ സംഘടിപ്പിച്ചിരുന്നു.















