തിരുവനന്തപുരം
പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി കലാകാരന്മാർ ശബ്ദമുയർത്തണമെന്ന് വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി. നിരീക്ഷ നാടകവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സ്ത്രീ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കല, സാഹിത്യം, നാടകം, സിനിമ എന്നിവ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും വേദിയാണ്. സമൂഹത്തിലെ പ്രാകൃത ആചാരങ്ങൾക്കും സ്ത്രീവിരുദ്ധമായ ആശയങ്ങൾക്കെതിരെയും നാടകങ്ങളെ എങ്ങനെ സമരായുധമാക്കി മാറ്റാമെന്ന് നാടകോത്സവം തെളിയിക്കട്ടെയെന്നും സതീദേവി പറഞ്ഞു.
മാനവീയത്തിൽ നടന്ന ഫ്ളാഗ് ഓഫ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. കലാ സാംസ്കാരിക രംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാറും നടത്തി. താത്രി സംവിധാനം ചെയ്ത ആറങ്ങോട്ടുകര കലാ പാഠശാലയുടെ നിശ്ശബ്ദതയുടെ മ്യൂസിയമെന്ന നാടകവും അവതരിപ്പിച്ചു. നിരീക്ഷ സ്ത്രീ നാടകവേദി പ്രസിഡന്റ് രാജ രാജേശ്വരി, ക്രിയേറ്റീവ് ഡയറക്ടർ സുധ ദേവയാനി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രിയദർശൻ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ എന്നിവർ സംസാരിച്ചു.