ഇരിട്ടി > ആറളം ഫാം നാലാം ബ്ലോക്കിൽ പശുവിനെ കടുവ കടിച്ചുകൊന്നു. രണ്ടാഴ്ചമുമ്പ് ചെത്തുതൊഴിലാളികൾ കടുവയെ കണ്ടിരുന്നു. കടുവ കാടുകയറിയെന്ന നിഗമനത്തിലായിരുന്നു അധികൃതരും നാട്ടുകാരും.
ഫാം ആറാം ബ്ലോക്കിലെ എൻ എച്ച് അസീസിന്റെ ഏഴുവയസ്സുള്ള, ഗർഭിണിയായ പശുവിനെയാണ് കഴിഞ്ഞ ദിവസം രാത്രി കടുവ കൊന്നത്. ഇവിടുത്തെ തൊഴുത്ത് കഴിഞ്ഞ മാസം കാട്ടാന തകർത്തിരുന്നു. ഇതോടെ നാലാം ബ്ലോക്കിലെ മരച്ചുവട്ടിലായിരുന്നു പശു. ഇവിടെ ചോരപ്പാടുണ്ട്. മൂന്ന് ക്വിന്റലോളം തൂക്കമുള്ള പശുവിനെ 30 മീറ്റർ ദൂരം കടുവ വലിച്ചിഴച്ചു.
ഒരുഭാഗം തിന്നുകയുംചെയ്തു. കടുവയാണ് പശുവിനെ കൊന്നതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഫാം സ്കൂളിൽനിന്ന് അര കിലോമീറ്ററും ആദിവാസി മേഖലയിൽനിന്ന് ഒരു കിലോമീറ്ററും മാത്രമേ ഇവിടേക്ക് ദൂരമുള്ളൂ. സ്ഥലവാസികൾ ഭീതിയിലാണ്.