നെയ്യാറ്റിൻകര
രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാകണമെന്നും ജാതിക്കും മതത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമൊന്നും അവിടെ സ്ഥാനമില്ലെന്നും ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതനയാത്രയുടെ ദക്ഷിണമേഖലാ ജാഥ അരുവിപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമകറ്റാൻ, ശാസ്ത്രവിചാരം പുലരാൻ, ലഹരിക്കെതിരെ എന്നീ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്.
തർക്കങ്ങൾക്ക് പരിഹാരം കാണാൻ വിശ്വാസങ്ങളെ അടിസ്ഥാനമാക്കരുത്. ഇന്ത്യൻ ഭരണഘടനയിൽ ജാതി, മതം എന്നീ വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. സംവരണവും ഭരണഘടനയിൽ പറയുന്നു. പക്ഷേ ജാതിയും മതവും എങ്ങനെ ഉണ്ടായെന്നോ, ഇതിന് അടിസ്ഥാനം എന്താണെന്നോ ആർക്കുമറിയില്ല. ജാതിയും മതവും കാരണം 20 ശതമാനം ആളുകളെ മനുഷ്യരായിപ്പോലും കാണാത്ത അവസ്ഥയാണ്. ലൈബ്രറി കൗൺസിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.
തെക്കൻമേഖലാ യാത്രയുടെ ക്യാപ്റ്റൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധുവിന് അദ്ദേഹം പതാക കൈമാറി. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി.
18 പഞ്ചായത്തിൽനിന്നുള്ള 140 ഗ്രന്ഥശാലയിലെ ഭാരവാഹികൾ ജാഥാ ക്യാപ്റ്റനും അംഗങ്ങൾക്കും സ്വീകരണം നൽകി. സ്വീകരണ പരിപാടികൾക്കുശേഷം കലാജാഥയുടെ ഭാഗമായുള്ള ഉണർത്തുപാട്ട്, നാട്ടുഗദ്ദിക, നൃത്തശിൽപ്പം എന്നീ പരിപാടികൾ നടന്നു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ പ്രതിമയിലും നെയ്യാറ്റിൻകര വെടിവയ്പിലെ രക്തസാക്ഷികളുടെ സ്മാരകത്തിലും പുഷ്പാർച്ചന നടത്തിയ ശേഷമാണ് ജാഥാ ക്യാപ്റ്റനും അംഗങ്ങളും ഉദ്ഘാടന ചടങ്ങിന് എത്തിയത്.