തിരുവനന്തപുരം
പ്ലസ് ടു പ്രവേശന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. ഹയർ സെക്കൻഡറി മുൻ ഡയറക്ടർ വി കാർത്തികേയൻനായരാണ് സമിതി ചെയർമാൻ. പുതിയ ഹയർ സെക്കൻഡറി സ്കൂളുകളും അധിക ബാച്ചുകളും ആവശ്യമുണ്ടോ, കുട്ടികളില്ലാത്ത ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കണോ തുടങ്ങിയവ പഠനത്തിന്റെ ഭാഗമാണ്. അടുത്ത വർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനു മുമ്പ് റിപ്പോർട്ട് സമർപ്പിക്കും.
ഈ അധ്യയന വർഷം ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശന നടപടികൾ പൂർത്തിയായിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് 71 സർക്കാർ സ്കൂളിലെ 92 ബാച്ചിലും 16 എയ്ഡഡ് സ്കൂളിലെ ബാച്ചുകളിലും 25ൽ താഴെ മാത്രം കുട്ടികളാണുള്ളത്. അതേസമയം മറ്റു പലയിടങ്ങളിലും ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിനാൽ പ്ലസ് ടു പ്രവേശനത്തിന് വിദ്യാർഥികൾ പ്രയാസപ്പെട്ടു. 20 ശതമാനം സീറ്റ് വരെ മാർജിനിൽ താൽക്കാലികമായി വർധിപ്പിച്ച് നൽകിയാണ് എല്ലാ കുട്ടികൾക്കും പ്രവേശനം സാധ്യമാക്കിയത്. നിലവിലെ ഏകജാലക പ്രവേശന പ്രക്രിയയിൽ മാറ്റംവരുത്തേണ്ടതുണ്ടോയെന്നും സമിതി പഠിക്കും.
എസ്ഐഇടി ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ആർ സുരേഷ്കുമാർ, കോഴിക്കോട് ആർഡിഡി പി എം അനിൽ, ചെങ്ങന്നൂർ ആർഡിഡി അശോക്കുമാർ എന്നിവരാണ് സമിതി അംഗങ്ങൾ.
പഠനവിഷയങ്ങൾ
● അധിക പ്ലസ്ടു ബാച്ചുകൾ അനുവദിക്കേണ്ടതുണ്ടോ, ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്ത് പുതിയ ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിക്കേണ്ടതുണ്ടോ
● വിദ്യാർഥികൾ കുറഞ്ഞ ബാച്ചുകളുണ്ടെങ്കിൽ സ്വീകരിക്കേണ്ട നടപടി
● നിലവിലെ കോഴ്സ് കോമ്പിനേഷനുകളിൽ മാറ്റം ആവശ്യമുണ്ടോ
● സ്ഥിരം അധ്യാപക–- അനധ്യാപക തസ്തികകൾ അനുവദിച്ചിട്ടുള്ള ഇടങ്ങളിൽ വിദ്യാർഥികൾ തീരെ കുറഞ്ഞ ബാച്ചുകളിൽ കോഴ്സ് കോമ്പിനേഷൻ മാറ്റം ആവശ്യമുണ്ടോ
● ഇതുവരെ തസ്തിക നിർണയം നടത്തിയിട്ടില്ലാത്ത ബാച്ചുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ സ്വീകരിക്കേണ്ട നടപടി
● താൽക്കാലികമായി ബാച്ചുകൾ അനുവദിച്ച ഇടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ബാച്ചുകൾ സ്ഥിരപ്പെടുത്താനാകുമോ
● അൺഎയ്ഡ്ഡ് സ്കൂളുകളിലെ ബാച്ചുകളുടെ പുനഃക്രമീകരണം, പുതിയ ബാച്ചുകൾ, ബാച്ചുകൾ നിർത്തലാക്കുന്നത്