തൃശൂർ
“പൊലീസിനെ കണ്ടപ്പോൾ ശരീരം വിറച്ചിരുന്നു. പക്ഷേ, ഒപ്പമുള്ളവർ ആത്മവിശ്വാസം നൽകി. താലവുമായി മുന്നോട്ടുനീങ്ങി. സ്ത്രീകൾക്ക് മാറുമറച്ച് താലം പിടിക്കണം. അതായിരുന്നു ആവശ്യം. അത് വിജയിച്ചു. വേല കാണാൻ പോകുമെങ്കിലും അതിനുശേഷം ഞാൻ താലംപിടിച്ചിട്ടില്ല’ വെള്ളറോട്ടിൽ മീനാക്ഷിയുടെ കണ്ണുകളിൽ ഇന്നും സമരാവേശം.
മണിമലർക്കാവ് ക്ഷേത്രത്തിൽ അവർണർക്ക് താലമെടുക്കാനും മേൽവസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനും നടത്തിയ ഐതിഹാസികമായ സമരത്തിന്റെ മുന്നണി പോരാളി ആയിരുന്നു മീനാക്ഷി. പാർടി നിർദേശപ്രകാരം 1956ൽ അവർണരായ 25 സ്ത്രീകളാണ് ചുവന്ന ബ്ലൗസും ചുവന്നകര മുണ്ടും ധരിച്ച് താലമെടുക്കാനെത്തിയത്. വേളത്ത് ലക്ഷ്മിക്കുട്ടി, നെല്ലിക്കൽ ജാനകി, കെ സി കാളിക്കുട്ടി, ഞാലിൽ അമ്മു, അത്താണിക്കൽ ലക്ഷ്മി തുടങ്ങിയവരായിരുന്നു നേതൃത്വം നൽകിയത്. അവരിൽ പ്രായം കുറഞ്ഞ രണ്ടു പേരിൽ ഒരാളാണ് മീനാക്ഷി. അന്ന് 18 വയസ്സുമാത്രം. 20 വയസ്സുള്ള കുന്നത്ത് ചീരുവും കൂടെയുണ്ടായി. സമരത്തിനിടെ ഉന്തിലും തള്ളിലും വീണ് പരിക്കേറ്റെങ്കിലും സമരം വിജയിച്ചു. “അന്ന് മാറു മറയ്ക്കാതെ താലം പിടിച്ചിരുന്ന സ്ത്രീകൾക്ക് അത് ബുദ്ധിമുട്ടുതന്നെയായിരുന്നു, പക്ഷേ, വാതുറക്കാൻ കഴിയില്ലാലോ, അടിമകളാക്കി വച്ചതല്ലേ പാവങ്ങളെ… ‘ 84 വയസ്സുകാരി മീനാക്ഷിയിൽ സമരകാലം നിറഞ്ഞു.
“വളരെക്കാലമെടുത്തു മാറുമറയ്ക്കൽ സമരത്തിലെ എന്റെ പങ്ക് ലോകമറിയാൻ. താലവുമായി നിന്ന സവർണസ്ത്രീകൾ പൊലീസിനെക്കണ്ട് ഓടിയെങ്കിലും ഞങ്ങൾ ഒരടി പിറകോട്ടു വച്ചില്ല’. കുന്നത്ത് ചീരുവിലും ഓർമകൾ നുരഞ്ഞു.
ജനാധിപത്യ മഹിളാ അസോഷിയേഷൻ അഖിലേന്ത്യ സമ്മേളനത്തിന് തിരുവനന്തപുരം വീണ്ടും വേദിയാകുമ്പോൾ മീനാക്ഷിക്കും ലക്ഷ്മിക്കും ചീരുവിനും മുന്നിൽ ഭൂതകാലം ജ്വലിക്കുന്നു.