കോട്ടയം > കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ സ്റ്റുഡന്റ് കൗൺസിൽ നടത്തുന്ന സമരം ശക്തമാകുന്നു. ജാതി വിവേചനം, പ്രവേശനത്തിൽ സംവരണ അട്ടിമറി, വിദ്യാർഥികൾക്ക് സൗകര്യങ്ങൾ നിഷേധിക്കൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 16 ദിവസം പിന്നിട്ട സമരത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും പിന്തുണ പ്രഖ്യാപിച്ചു.
ഏറെ നാളായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം താറുമാറാണ്. ഡയറക്ടർ ശങ്കർ മോഹനെ പുറത്താക്കണമെന്നാണ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ ആവശ്യം. ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സുകളിലെ പ്രവേശനത്തിന് സംവരണ വിഭാഗങ്ങളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുകയാണ്. എഡിറ്റിങ് വിഭാഗത്തിൽ സംവരണ സീറ്റിനു അർഹനായ വിദ്യാർത്ഥി ശരതിന് അവസരം നിഷേധിച്ചു. അനധികൃതമായി ഇൻസ്റ്റിറ്റ്യൂട്ട് നിർണയിച്ച കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നിത്. ശരത് കോടതിയിൽ നിയമപോരാട്ടം നടത്തിയാണ് അനുകൂല ഉത്തരവ് നേടിയത്. തിരുവനന്തപുരം എൽബിഎസ് സെന്റർ കോടതിയിൽ സമർപ്പിച്ച കത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംവരണ അട്ടിമറി വ്യക്തമാക്കിയിട്ടുണ്ട്. ക്ലീനിങ് ജീവനക്കാരിയെക്കൊണ്ട് ഡയറക്ടർ സ്വന്തം വീട്ടിലെ ശുചിമുറി വൃത്തിയാക്കിക്കാൻ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. സമരം വിജയിക്കുന്നതുവരെ വിദ്യാർഥികൾക്കൊപ്പം നിൽക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ടിൽ തുടർച്ചയായുണ്ടാകുന്ന വിദ്യാർഥിവിരുദ്ധ സമീപനം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. ആവശ്യമായ ഭൗതിക സാഹചര്യവും അക്കാദമിക് അന്തരീക്ഷവും ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മാസങ്ങൾക്കുമുമ്പ് ഉദ്ഘാടനംചെയ്ത മിക്സിങ് സ്റ്റുഡിയോയിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നില്ല. സിലബസ് രൂപീകരണമടക്കമുള്ള കാര്യങ്ങളിൽ സുതാര്യമായ സംവിധാനമില്ല. അക്കാദമിക് ഭരണസമിതികളിൽ വിദ്യാർഥി പ്രാതിനിധ്യമോ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ പങ്കാളിത്തമോ ഇല്ല. ജാതിവെറിയന്മാരെ സ്ഥാനത്തുനിന്ന് നീക്കി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.















