തിരുവനന്തപുരം
സംസ്ഥാന മഹിളാ കോൺഗ്രസ് ഭാരവാഹികളെ താനറിയാതെ നിശ്ചയിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തുവന്നതോടെ പട്ടിക ഹൈക്കമാൻഡ് മടക്കി. സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ ഹൈക്കമാൻഡിലുള്ള ഉന്നതന്റെ അറിവോടെ തയ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്നാണ് സുധാകരനും കൂട്ടരും നിലപാട് എടുത്തത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും പട്ടികയാണ് നൽകിയിരുന്നത്.
ഇത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചു. രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന ചില നേതാക്കളും എതിർത്തു. അർഹരായ നേതാക്കൾ തഴയപ്പെട്ടെന്നാണ് വാദം. പുതിയ പട്ടിക ഹൈക്കമാൻഡിന് അയക്കാൻ സുധാകരൻ നിർദേശം നൽകി. തിരുവനന്തപുരം, എറണാകുളം ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് എഐസിസി നേതാവിന്റെകൂടി താൽപ്പര്യക്കാരെ തിരുകിക്കയറ്റാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. മഹിളാ കോൺഗ്രസ് നേതാവും എംപിയും ആയതോടെ എ വിഭാഗത്തെ തഴഞ്ഞ് ജെബി പുതിയ ഗ്രൂപ്പിന്റെ ഭാഗമായി എന്നതും തർക്കത്തിന് കാരണമാണ്.