തൊഴിലും കർഷകരുടെ കൂലിയും സംരക്ഷിക്കാനാവാത്ത സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് സിഐടിയു ദേശീയ സെക്രട്ടറി ആർ കരുമലൈ. നേരത്തേ തൊഴിലാളികളുടെ അധ്വാനശേഷി ഉപയോഗിച്ചാണ് മുതലാളിത്തം വളർന്നതെങ്കിൽ ഇന്ന് മറ്റു മാർഗങ്ങളാണ് കുത്തകകൾ അവലംബിക്കുന്നതെന്നും അദ്ദേഹം ‘ദേശാഭിമാനി’യോട് പറഞ്ഞു.
പലയിടത്തും കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. തൊഴിൽ സ്ഥാപനങ്ങളിൽ നിന്നും സ്വയം പിരിഞ്ഞുപോവുന്നതിനാണ് മുതലാളിത്തം അവസരമൊരുക്കുന്നത്. ഇതിന്റെ ഫലമായി തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ട ബദലൊരുക്കാൻ കേരളത്തിന് കഴിയുന്നു. മറ്റിടങ്ങളിൽ അങ്ങനെയല്ല.
കർഷക സമരവും തൊഴിലാളി സമരവും തമ്മിൽ താരതമ്യത്തിനിടമില്ല. ഒരു ദിവസം പണിമുടക്കിയാൽ ഭക്ഷണം കഴിക്കാൻ വഴിയില്ലാത്തവരാണ് ഭൂരിപക്ഷം തൊഴിലാളികളും. പണിമുടക്കിയാൽ പിറ്റേന്ന് പണിയില്ലെന്ന അവസ്ഥയുമുണ്ട്. ആഗോളവൽക്കരണ നയത്തിന്റെ ഫലമായി കർഷകർ പ്രതിസന്ധിയിലാണ്. ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കുന്നില്ല. ഇറക്കുമതി ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുമ്പോൾ കർഷകരുടെ സാധനങ്ങൾ വേണ്ടാതാവുന്നു. അതോടെ അവർ ഈ രംഗത്തുനിന്ന് പിന്തിരിയുന്നു. ഇതിനെതിരെയാണ് കർഷകരുടെ പോരാട്ടം ഉയർന്നത്. തൊഴിലാളി മുന്നേറ്റത്തിലും ഈ ഐക്യം പ്രകടമാണ്. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ഒരുമിച്ച് അണിനിരക്കാൻ തുടങ്ങി. യോജിച്ച പോരാട്ടത്തിന് മുൻകൈയെടുക്കുക എന്ന ദൗത്യമാണ് സിഐടിയു ഏറ്റെടുത്തത്. കുത്തകകൾക്ക് അനുകൂലമായ നയത്തിനെതിരെ തൊഴിലാളികളുടെ യോജിച്ച പോരാട്ടം ഉയരുമെന്ന ഭയം കേന്ദ്രസർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.