കൊച്ചി> കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് രൂപപ്പെട്ടത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മാൻദൗസ് ചുഴലിക്കാറ്റിന്റെ പ്രഭാവംമൂലം. അതിതീവ്ര ന്യൂനമർദമായ മാന്ദൗസ് ചുഴലിക്കാറ്റ് ഇപ്പോൾ ശക്തി കുറഞ്ഞ് അറബിക്കടലിൽ ഗോവൻ തീരത്തുനിന്ന് 700 കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്താണുള്ളത്.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താല് കഴിഞ്ഞദിവസങ്ങളില് അന്തരീക്ഷം കൂടുതല് മേഘാവൃതമായിരുന്നു. സൂര്യപ്രകാശം കുറഞ്ഞ അളവിലാണ് ഭൂമിയിൽ പതിച്ചത്. പലപ്രദേശങ്ങളിലും വൈകിട്ടോടെ ശക്തമായ മഴ പെയ്തു. അന്തരീക്ഷ താപനില 22 ഡിഗ്രിവരെ താഴ്ന്നു. മേഘാവൃതമായ അന്തരീക്ഷത്തിലേക്ക് മഴയെ തുടർന്ന് നീരാവിയും നിറഞ്ഞതോടെ കനത്ത മൂടൽമഞ്ഞ് രൂപപ്പെടുകയായിരുന്നു.
രണ്ടുദിവസത്തേക്കുകൂടി ഇത് തുടരാമെന്നും അതിനുശേഷം കുറയുമെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജ് പറഞ്ഞു. അറബിക്കടലിലുള്ള അതിതീവ്ര ന്യൂനമർദം ശക്തിപ്പെട്ടാൽ ഇനിയും ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, അതിന് സാധ്യത കുറവാണെന്നും ഡോ. മനോജ് പറഞ്ഞു.
നെടുമ്പാശേരിയിൽ വിമാനങ്ങൾ തിരിച്ചുവിട്ടു
വ്യാഴം പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന മൂന്ന് വിമാനങ്ങൾ കനത്ത മൂടൽമഞ്ഞുമൂലം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു. ദുബായിൽനിന്നുള്ള എയർ ഇന്ത്യയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും വിമാനങ്ങളും ബഹ്റൈനിൽനിന്നുള്ള ഗൾഫ് എയർ വിമാനവുമാണ് തിരിച്ചുവിട്ടത്. പുലർച്ചെ നാലിനും അഞ്ചിനുമിടയ്ക്ക് ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളാണിവ. ഇവ രാവിലെ 6.30നുശേഷം നെടുമ്പാശേരിയിൽത്തന്നെ യാത്രക്കാരുമായി ഇറങ്ങി.
മോശം കാലാവസ്ഥയിലും വിമാനങ്ങൾക്ക് ലാൻഡിങ് ഒരുക്കാൻ വിമാനത്താവളത്തിൽ ഇൻസ്ട്രമെന്റൽ ലാൻഡിങ് സിസ്റ്റം (ഐഎൽഎസ്) പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വ്യാഴം പുലർച്ചെ കനത്ത മൂടൽമഞ്ഞായതിനാൽ പൈലറ്റിന് റൺവേ നിശ്ചിത ദൂരപരിധിയിൽ ദൃശ്യമായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.